thod1

കിളിമാനൂർ : നിറുത്താതെ തുടരുന്ന കനത്തമഴയിൽ മിക്ക പ്രദേശങ്ങളും വെള്ളത്തിലായി.കിളിമാനൂരിലെ വിവിധ പ്രദേശങ്ങളിൽ കൃഷിനാശവും വെള്ളക്കെട്ടും രൂപപ്പെട്ടു.നഗരൂർ പഞ്ചായത്തിലെ വെള്ളല്ലൂർ മേഖലയിൽ കൃഷിനാശവും വ്യാപകമാണ്.വെള്ളല്ലൂർ ഈഞ്ചമൂല ഏലാ പൂർണമായും വെള്ളത്തിനടിയിലായി. കൊയ്ത്ത് കഴിഞ്ഞതിനാൽ ഭാഗികമായ കൃഷിനാശം മാത്രമേ സംഭവിച്ചിട്ടുള്ളൂ.എന്നാൽ കൊയ്ത്ത് നടത്താത്ത കണ്ടം വെള്ളത്തിനടിയിലായതോടെ തുടർന്നുള്ള വിളവെടുപ്പ് ബുദ്ധിമുട്ടിലാകുമെന്നാണ് കർഷകർ വേവലാതിപ്പെടുന്നത്. ഏലായ്ക്ക് സമീപത്തായൊഴുകുന്ന ചെറുതോട് നിറഞ്ഞ് കവിഞ്ഞതോടെയാണ് ഏലാ പൂർണമായും വെള്ളത്തിനടിയിലായത്.ചെറുതോടിന്റെ ഈഞ്ചമൂല പാലത്തിലേക്കിറങ്ങുന്ന ഭാഗത്ത് തോട്ടിൽ വെള്ളം ക്രമാതീതമായി ഉയരുന്നതോടെ റാമ്പിന്റെ കെട്ടിലൂടെ വെള്ളം ഏലായിലേക്ക് കയറും. ഇതോടെ ഏലായും തോടും വെള്ളം നിറഞ്ഞ് ഒന്നാകും. ഏലായിൽ വെള്ളം നിറയുന്നതോടെ ഏലാ കായൽപോലെയാകും.ഇപ്പോൾ പലയിടത്തുനിന്നും ഈ ദൃശ്യം കാണാനായി ആളുകൾ വരുന്നുണ്ട്. ഒപ്പം മീൻപിടിത്തവും തകൃതിയായി നടക്കുകയാണ്. പുതുവെള്ളത്തോടൊപ്പം എത്തുന്ന ബ്രാൽ,കൊറുവ,ആറ്റ് വാള തുടങ്ങിയ മീനുകളാണ് മീൻ പിടിത്തക്കാർക്ക് ലഭിക്കുന്നത്. മഴകനത്താൽ ഏലായിൽ വെള്ളം കയറുന്നത് സ്ഥിരം പ്രതിഭാസമാണ്.ഇത്തരത്തിൽ കർഷകർക്ക് കനത്ത നഷ്ടവും ഉണ്ടായിട്ടുണ്ട്.മുൻപ് ഇത്തരത്തിൽ വെള്ളം കയറിയതോടെ വളർച്ചയെത്താത്ത നെൽക്കൃഷി പൂർണമായും നശിച്ചിരുന്നു. ഇത്തരത്തിൽ വെള്ളം കയറി കൃഷിനശിക്കുന്നതിന് ശാശ്വത പരിഹാരം കാണണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

ഇപ്പോഴും മഴ തുടരുന്നതിനാൽ ഇനിയും വെള്ളം ഉയർന്നേക്കാം.സമീപത്തെ കൃഷിയിടങ്ങളിലേക്കും വെള്ളം കയറുകയാണ്.ഏലായോടു ചേർന്ന് കപ്പ കൃഷിചെയ്തിരുന്ന പുരയിടത്തിലും വെള്ളം കയറി.

ഇതോടെ കപ്പ അഴുകിപ്പോകാൻ സാദ്ധ്യത ഏറെയാണ്. വാഴക്കൃഷിയും ഇപ്പോൾ വെള്ളത്തിലാണ്.കുലവന്ന വാഴകൾ വെള്ളം കയറി നശിക്കുന്നത് കനത്ത നഷ്ടമുണ്ടാക്കുമെന്ന വേവലാതിയിലാണ് കർഷകർ.

മഴ കനത്തതോടെ വല്ലക്കോട് മേഖലയിൽ തോടിനോട് ചേർന്നുള്ള വീടുകളിൽ താമസിക്കുന്നവർ ഭീതിയിലാണ്.മുൻപ് ഇത്തരത്തിൽ വെള്ളം കയറിയപ്പോൾ പഞ്ചായത്ത് അധികൃതർ ഇടപെട്ട് ഇവരെ ബന്ധുവീടുകളിലേക്ക് മാറ്റിയിരുന്നു.