4

വിഴിഞ്ഞം: ഗംഗയാർ തോട് കരകവിഞ്ഞു. മത്സ്യബന്ധന തുറമുഖം ഒറ്റപ്പെട്ടു.കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലാണ് വിഴിഞ്ഞത്തെ ഗംഗയാർ തോട് കരകവിഞ്ഞത്. മത്സ്യത്തൊഴിലാളികളുടെ വലകളും എൻജിനുകളും വെള്ളത്തിൽ മുങ്ങി. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ തോടിന്റെ തടസം മാറ്റി വെള്ളം കടലിലേക്ക് ഒഴുക്കിവിട്ടു. കഴിഞ്ഞ ദിവസം അർദ്ധരാത്രി മുതൽ തുടങ്ങിയ മഴയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തോടിന്റെ പാലത്തിൽ വന്നടിഞ്ഞതോടെ ഒഴുക്ക് പൂർണമായും നിലച്ചു. ഇതോടെ തോട് കരകവിഞ്ഞ് ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിന്റെ കെട്ടിടത്തിലും പാർക്കിംഗ് ഏരിയയിലും വെള്ളം നിറഞ്ഞു. കെട്ടിടത്തിലും പാർക്കിംഗ് ഏരിയയിലും സൂക്ഷിച്ചിരുന്ന മത്സ്യ ബന്ധന ഉപകരണങ്ങളും നിരവധി എൻജിനുകളും നശിച്ചു. വെള്ളം കയറിയതോടെ മത്സ്യ ബന്ധന തുറമുഖത്ത് ഉണ്ടായിരുന്നവർക്ക് റോഡിലേക്ക് കയറാൻ മാർഗമില്ലാതായി. ആദ്യം നാട്ടുകാർ വെളളം ഒഴുക്കിവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഫയർഫോഴ്സ്, നഗരസഭ, പൊലീസ് എന്നിവരും അദാനി തുറമുഖ കമ്പനിയുടെ മണ്ണുമാന്തിയന്ത്രവും സ്ഥലത്തെത്തിച്ച്‌ മണിക്കൂറുകൾ ശ്രമിച്ച് തോടിലെ വെള്ളം ഒഴുക്കിക്കളഞ്ഞു. മാസങ്ങൾക്ക് മുൻപേ തോടിന്റെ ഒഴുക്ക് നിലച്ച് മാലിന്യങ്ങൾ നിറഞ്ഞ നിലയിലായിരുന്നു.
പള്ളിച്ചലിൽ നിന്നും ആരംഭിക്കുന്ന തോടിലെ ഒഴുക്ക് വിഴിഞ്ഞം ഭാഗത്ത് തടസപ്പെട്ടിരുന്നു. ജലക്ഷാമം രൂക്ഷമായ തീരദേശത്ത് വസ്ത്രങ്ങൾ അലക്കുന്നതിനും കുളിക്കുന്നതിനും പ്രദേശവാസികൾ ഈ തോടിനെയാണ് ആശ്രയിക്കുന്നത്. വർഷങ്ങൾ മുൻപ് പല ഘട്ടങ്ങളിലായി തോട് വൃത്തിയാക്കാനും മലിനജലം ഒഴുക്കിവിടാനും പല പദ്ധതികൾ ആവിഷ്കരിക്കുകയും കോടികൾ ചെലവഴിക്കുകയും ചെയ്തിരുന്നുവെങ്കിലും ഒന്നും പ്രയോജനം കണ്ടില്ല.