നേമം: കരമനയാറിൽ കഴിഞ്ഞദിവസം കുളിക്കാൻ ഇറങ്ങവേ ഒഴുക്കിൽപ്പെട്ട വൃദ്ധന്റെ ജീവൻ രക്ഷിച്ച യുവാക്കളെ അനുമോദിച്ചു. കരമന വടക്കേത്തോപ്പിൽ വീട്ടിൽ കെ.വി. വിഘ്നേഷ് (20), തളിയൽ തോപ്പിൽ വീട്ടിൽ സായി കിരൺ (17) എന്നിവരെയാണ് നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും വാർഡ് കൗൺസിലർ കരമന അജിത്തിന്റെയും നേതൃത്വത്തിൽ അനുമോദിച്ചത്. കഴിഞ്ഞദിവസം രാവിലെ 9.30 നാണ് കുടപ്പനക്കുന്ന് മുക്കോലയ്ക്കൽ കൃഷ്ണാ ഭവനിൽ നടരാജൻ (79) കരമന പാലത്തിനു സമീപമുളള കാഞ്ചീപുരം ക്ഷേത്ര കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടത്. ശക്തമായി പെയ്യുന്ന മഴയിൽ അടിയൊഴുക്കുള്ള കരമനയാറിൽ മുക്കാൽ മണിക്കൂറോളം മരക്കൊമ്പിൽ പിടിച്ചു കിടന്ന വൃദ്ധനെ യുവാക്കൾ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ചെങ്കൽചൂളയിൽ നിന്നു ഫയർഫോഴ്സും എത്തിയാണ് ഇദ്ദേഹത്തെ കരയ്ക്കെത്തിച്ചത്. കൗൺസിലർ കരമന അജിത്ത് യുവാക്കളെ പൊന്നാടയണിയിച്ച് ആദരിച്ചു.