ആറ്റിങ്ങൽ: തകർന്ന് കിടന്ന ആറ്റിങ്ങൽ രവിവർമ്മ ലൈൻ റോഡിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ പൊട്ടി വലിയ കുഴി രൂപപ്പെട്ടതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടു. കാൽനട യാത്രക്കാർക്കു പോലും കടന്നു പോകാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. ഇവിടെ പൈപ്പ് ലൈൻ പൊട്ടുന്നത് പതിവാണെന്നും വാട്ടർ അതോറിട്ടി ഓഫീസ് അടുത്തായിട്ടും അധികൃതരെ വിവരമറിയിച്ചാൽ വൈകിയാണ് എത്തുന്നതെന്നും നാട്ടുകാർ പറഞ്ഞു. ആറ്റിങ്ങൽ ടൗണിൽ ഗതാഗത കുരുക്കുണ്ടാകുമ്പോൾ സ്വകാര്യ ബസ് സഹിതം കിഴക്കേ നാലുമുക്കിലേക്കു തിരിച്ചു വിടുന്ന റോഡാണിത്. ഈ റോഡിൽ ഗതാഗതം നിലച്ചതോടെ ദേശീയപാതയിൽ ഗതാഗത കുരുക്ക് രൂക്ഷമായിരിക്കുകയാണ്.