വർക്കല: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയായ ആയുർവേദ ഗ്ലോബൽ വില്ലേജ് പദ്ധതിക്ക് ഉടൻ തുടക്കമാകും. ഇലകമൺ ഗ്രാമപഞ്ചായത്തിലെ കായൽപുറത്താണ് കിൻഫ്രയുടെ ഗ്ലോബൽ ആയുർവേദ വില്ലേജ് നിർമ്മിക്കുന്നത്. 2012ലെ എമർജിംഗ് കേരളയിലാണ് പദ്ധതിയുടെ ആശയമുണ്ടായത്. ജില്ലയിൽ സംസ്ഥാന സർക്കാർ തിരഞ്ഞെടുത്ത രണ്ട് സ്ഥലങ്ങളിലൊന്നാണ് ഇലകമൺ ഗ്രാമപഞ്ചായത്തിലെ കായൽപ്പുറം. തോന്നയ്‌ക്കൽ ചെമ്പകമംഗലമാണ് മറ്റൊരു സ്ഥലം. അതേ വർഷം ബഡ്‌ജറ്റിൽ പദ്ധതിക്കായി 120 കോടി രൂപ അനുവദിക്കുമെന്ന് പറഞ്ഞെങ്കിലും ഫണ്ട് അനുവദിച്ചില്ല. കായൽ ടൂറിസത്തിന്റെ വിശാല സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയുമെന്നായിരുന്നു സ്ഥലം സന്ദർശിച്ച വിദഗ്ദ്ധസംഘം സർക്കാരിന് നൽകിയ റിപ്പോർട്ട്. 2013ലാണ് വില്ലേജിനായി ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി നൽകിയത്. തുടർന്ന് സ്ഥലം അളന്നു തിട്ടപ്പെടുത്തി കല്ലുകളും നാട്ടി. അഞ്ച് വിഭാഗമായി തിരിച്ചാണ് ഭൂമിക്ക് സർക്കാർ വില നിശ്ചയിച്ചത്. പുരയിടത്തിനും നിലത്തിനും പ്രത്യേകം വില നിർണയിച്ചു. എന്നാൽ തർക്കത്തെ തുടർന്ന് പലതവണ വില പുനർനിശ്ചയിച്ചെങ്കിലും ഉടമകൾ ഇത് സ്വീകരിച്ചില്ല. 2017ൽ വി. ജോയി എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് വസ്‌തു ഉടമകളുമായി ചർച്ച നടത്തി 40 ഏക്കർ ഭൂമിയുടെ ആധാരം പദ്ധതിക്കായി ഏറ്റെടുക്കുകയായിരുന്നു. ബാക്കിയുള്ള 28 ഏക്കർ സ്ഥലം കൂടി പിന്നീട് പദ്ധതിയുടെ ഭാഗമാക്കി.
പദ്ധതിയിലുള്ളത്
---------------------------------
ആരോഗ്യ ടൂറിസം വികസനം ലക്ഷ്യമാക്കിയാണ് ഗ്ലോബൽ ആയുർവേദ വില്ലേജ് നിർമ്മിക്കുന്നത്. വ്യവസായ വകുപ്പ് ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്ന പദ്ധതിയുടെ നോഡൽ ഏജൻസി കിൻഫ്രയാണ്. ഗ്ലോബൽ വില്ലേജും കിൻഫ്രയുടെ അപ്പാരൽ പാർക്കും ആയുർവേദ വില്ലേജ് പദ്ധതിയിലുണ്ടാകും. ഇന്ത്യയ്‌ക്കകത്തും പുറത്തും നിന്നുമെത്തുന്ന സഞ്ചാരികൾക്ക് ആയുർവേദ ചികിത്സയും അനുബന്ധ സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കുന്നത്. ഇതിന് ആവശ്യമായ ഔഷധ സസ്യങ്ങളുടെ തോട്ടവും കൃഷിയും പരിപാലനവും ആയുർവേദ മരുന്ന് നിർമ്മാണത്തിനായി പ്ലാന്റും സ്ഥാപിക്കും. ഔഷധ സസ്യങ്ങളുടെ കൃഷിക്കും പരിപാലനത്തിനും മാത്രമായി സ്ത്രീ കൂട്ടായ്‌മയുടെ സേവനം ഉറപ്പാക്കും വിധത്തിലാണ് പദ്ധതി. ട്രീറ്റ്മെന്റ് സെന്റർ, റിസർച്ച് സെന്റർ ഉൾപ്പെടെയുള്ള ഫിനിഷിംഗ് സ്‌കൂൾ, ആയുർവേദ വെൽനസ് സെന്റർ, ഫിസിക്കൽ ഫിറ്റ്നസ് സെന്റർ, യോഗ, മെഡിറ്റേഷൻ കേന്ദ്രം എന്നിവയും വില്ലേജിൽ ഉണ്ടാകും.
പദ്ധതിക്ക് വേണ്ടത് - 68 ഏക്കർ
പദ്ധതിയുടെ തുടക്കം - 2012ൽ
ബഡ്‌ജറ്റിൽ അനുവദിച്ചത് 80 കോടി
ആദ്യഘട്ടം കിൻഫ്രയ്ക്ക് നൽകിയത് 20 കോടി
ഇലകമണിലെ ഗ്ലോബൽ ആയുർവേദ വില്ലേജ് യാഥാർത്ഥ്യമാക്കുന്നതിന്റെ മുന്നോടിയായി ഈ മാസം അവസാനം കിൻഫ്ര ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. പദ്ധതിയുടെ തറക്കല്ലിടൽ തീയതിയും ഈ യോഗത്തിൽ തീരുമാനിക്കും.
അഡ്വ. വി.ജോയി.എം.എൽ.എ