ആറ്റിങ്ങൽ: ചെറുവള്ളിമുക്കിലെ ജനവാസകേന്ദ്രത്തിൽ തുറന്ന് പ്രവർത്തിച്ച ബിവറേജസ് ഔട്ട് ലെറ്റ് അടച്ചുപൂട്ടുന്നതിന് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഉപരോധം തീർത്തതിനെതിരെ കോടതി നടപടികൾ നേരിടേണ്ടിവന്ന നേതാക്കൾ കുറ്റക്കാരല്ലെന്നുകണ്ട് ആറ്റിങ്ങൽ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതേവിട്ടു.2017 ൽ സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് ആറ്റിങ്ങൽ നഗരത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കൺസ്യൂമർ ഫെഡിന്റെ മദ്യശാല കിഴുവിലം പഞ്ചായത്തിലെ ജനവാസകേന്ദ്രമായ ചെറുവള്ളിമുക്കിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചതിനെതിരെയാണ് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മനുഷ്യമതിൽ തീർത്ത്‌ 113 ദിവസം ഉപരോധം നടത്തിയത്.

ഹൈക്കോടതി ഉത്തരവ് ലംഘച്ചുവെന്നും മദ്യശാല ജീവനക്കാർക്ക് തൊഴിൽ തടസം ഉണ്ടാക്കി എന്നും കാട്ടിയാണ് സമരസമിതി കൺവീനറെ ഒന്നാംപ്രതിയാക്കിയും, പതിനൊന്നോളം ജനപ്രതിനിധികളെയും പൊതുപ്രവർത്തകരെയും മറ്റുപ്രതികളാക്കിയും പൊലീസ് കേസ് ചാർജ് ചെയ്തത്.

ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടായിരുന്നിട്ടും ജനകീയ സമരസമിതിയുടെ പ്രക്ഷോഭത്തിലൂടെ ഒരു മദ്യശാല അടച്ചുപൂട്ടിയ സംഭവം കേരളത്തിൽ ഇതാദ്യമായിട്ടാണെന്ന് സമരസമിതി നേതാക്കൾ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ കക്ഷി ഭേദമില്ലാതെ ജനങ്ങൾ നയിച്ച സമരമായതിനാലാണ് അന്തിമ വിജയം തങ്ങൾക്കനുകൂലമായതെന്ന് സമരസമിതി കൺവീനറും ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എ.എസ്. ശ്രീകണ്ഠൻ പറഞ്ഞു. സമരസമിതി ചെയർമാനും ഒന്നാം വാർഡ് മെമ്പറുമായ ഉണ്ണികൃഷ്ണൻ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എ. അൻസാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗോപകുമാർ, ജനപ്രതിനിധികളായ ചന്ദ്രശേഖരൻ നായർ, ബി.എസ്. ബിജുകുമാർ, ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം മഞ്ജു പ്രദീപ്, പൊതുപ്രവർത്തകരായ ചെറുവള്ളിമുക്ക് ബിജു, ആർ.എസ്. രാജീവ്, ദഞ്ചു ദാസ് ചെറുവള്ളിമുക്ക്, ജയദേവൻ പിള്ള എന്നിവരാണ് പ്രതിപ്പട്ടികയിൽ ചേർക്കപ്പെട്ടത്. കോടതി വിധി തങ്ങൾക്കനുകൂലമായതിൽ സമരസമിതി അംഗങ്ങൾ കോടതിക്ക് പുറത്ത്‌ ആഹ്ളാദ പ്രകടനം നടത്തുകയും മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.