predicts-heavy-rain
PREDICTS HEAVY RAIN

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും അറബിക്കടലിൽ തമിഴ്നാട് തീരത്തുമായി രണ്ട് ന്യൂനമർദ്ദങ്ങൾ രൂപം കൊണ്ടതോടെ സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ടും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒാറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരും. തീരക്കടലിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാനും സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ വെള്ളിയാഴ്ച വരെ മീൻപിടിക്കാനിറങ്ങരുത്. മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ യാത്രയ്ക്കും നിയന്ത്രണമേർപ്പെടുത്തി.

ഇന്നലെ എറണാകുളത്ത് 80 മില്ലിമീറ്റർ, തിരുവനന്തപുരത്ത് 32 മില്ലിമീറ്റർ മഴ ലഭിച്ചു. പലയിടത്തും വെള്ളക്കെട്ടുണ്ടായി. റോഡ്, ട്രെയിൻ ഗതാഗതം ചിലയിടങ്ങളിൽ സ്തംഭിച്ചു. വൈദ്യുതി ബന്ധവും താറുമാറായി.

ശ്രീലങ്കയ്ക്കും തമിഴ്നാടിനുമിടയിൽ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് വടക്ക്, വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങും. ഇതിന്റെ ഫലമായി ശക്തമായ മഴയ്ക്കൊപ്പം കാറ്രുമുണ്ടാകും. ന്യൂനമർദ്ദം കടൽ പരപ്പിന് ഒന്നര മുതൽ രണ്ട് കിലോമീറ്റർ വരെ ഉയരത്തിലേക്ക് നീങ്ങി 24നകം അറേബ്യൻ തീരത്തേക്ക് പോകും. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ബുധനാഴ്ച തീരത്തോട് അടുക്കുന്നതോടെ മഴ വീണ്ടും ശക്തമാകുമെന്നാണ് സൂചന.