engineering-college-stude
ENGINEERING COLLEGE STUDENTS

തിരുവനന്തപുരം: എൻജിനിയറിംഗ് കോളേജുകളുടെ നിലവാരം വിലയിരുത്തുന്നതിന് എല്ലാ കോളേജുകളിലും അക്കാഡമിക് ആഡിറ്റിംഗ് നടത്താൻ സാങ്കേതിക സർവകലാശാല തീരുമാനിച്ചു. പഠനത്തിന്റെയും സാങ്കേതിക സംവിധാനങ്ങളുടെയും ഗുണനിലവാരം വിലയിരുത്തും. സംസ്ഥാനത്തെ 140 കോളേജുകളിൽ നവംബർ 11വരെയാണ് ആഡിറ്റിംഗ്. ഇതിനായി പത്ത് വർഷത്തിലധികം അദ്ധ്യാപന പരിചയമുള്ള 116 അദ്ധ്യാപകരെ തിരഞ്ഞെടുത്തു.

രണ്ടു ഘട്ടമായാണ് ആഡിറ്റിംഗ്. കഴിഞ്ഞ ബി.ടെക് പരീക്ഷയിൽ 40ശതമാനത്തിൽ താഴെ വിജയമുള്ളതും കഴിഞ്ഞ മൂന്ന് വർഷം വിദ്യാർത്ഥി പ്രവേശനം കുറവുള്ളതുമായ 37 കോളേജുകളിലാണ് ആദ്യഘട്ടം. ഇവിടങ്ങളിൽ രണ്ട് വീതം അദ്ധ്യാപകരെ നിയോഗിക്കും. മറ്റിടങ്ങളിൽ രണ്ടാംഘട്ട ആഡിറ്റിംഗിന് ഓരോ അദ്ധ്യാപകനെ അയയ്ക്കും. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ) മാനദണ്ഡ പ്രകാരമുള്ള അദ്ധ്യാപകർ, അവരുടെ യോഗ്യതകൾ, യൂണിവേഴ്സിറ്റി കലണ്ടർ പ്രകാരമുള്ള അദ്ധ്യയന ദിവസങ്ങൾ, അക്രഡിറ്റേഷൻ, ഇന്റേണൽ പരീക്ഷകളുടെ നടത്തിപ്പും സുതാര്യതയും, വിദ്യാർത്ഥികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ, ലബോറട്ടറികളുടെ ഉപയോഗം, ലൈബ്രറി, ഇന്റർനെറ്റ് സംവിധാനം, കോളേജിന്റെ അക്കാഡമികവും ഭരണപരവുമായ നേതൃത്വം. പഠന അന്തരീക്ഷവും അച്ചടക്കവും, പരാതി പരിഹാര മാർഗ്ഗങ്ങൾ, നവീന പാഠ്യരീതികൾ, ഓൺലൈൻ കോഴ്സുകൾ. വിദ്യാർത്ഥികളുടെ പ്ലേസ്മെന്റ് അടക്കം ഇരുപതോളം ഘടകങ്ങളാണ് ആഡിറ്റിംഗിന് വിധേയമാക്കുക.

ആഡിറ്റിംഗിനായി ഓൺലൈൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആഡിറ്റർമാർക്ക് ഓൺലൈനായി സർവകലാശാലയ്ക്ക് വിവരങ്ങൾ നൽകാം. ഇതിൽ കോളേജ് പ്രിൻസിപ്പൽമാർക്കും അഭിപ്രായം രേഖപ്പെടുത്താം. ഇതിനുശേഷമാവും റാങ്കിംഗിൽ അടക്കം സർവകലാശാല അന്തിമ തീരുമാനമെടുക്കുക. അക്കാഡമിക് ആഡിറ്റിലെ കോളേജുകളുടെ നിലവാരവും റാങ്കിംഗും കോളേജുകളുടെ അഫിലിയേഷനുള്ള മാനദണ്ഡമാക്കൽ പരിഗണനയിലാണെന്ന് വൈസ്ചാൻസലർ ഡോ.എം.എസ്.രാജശ്രീ പറഞ്ഞു.