road

പാലോട്: മലയോര ഹൈവേയുടെ നിർമ്മാണ അപാകത കാരണം വീടുകൾക്കുള്ളിലേക്ക് വെള്ളം കയറുന്നതായി പരാതി. പാലോട് കൊല്ലായിൽ സുധീറിനും കുടുംബത്തിനും വീടിനു പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല. കെട്ടിടത്തിന്റെ പൊക്കത്തിൽ മണ്ണിട്ട് മൂടിയപ്പോൾ മഴക്കാലത്ത് വെള്ളം വീട്ടിലേക്ക് തന്നെ കയറുന്നു. ജില്ലയിൽ കുളത്തൂപ്പുഴ വരെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് പരാതിക്ക് ഇടയാക്കിയിരിക്കുന്നത്.1130 കിലോമീറ്റർ ദൈർഘ്യത്തിലാണ് മലയോര ഹൈവേ നിർമ്മാണം പുരോഗമിക്കുന്നത്. നിർമ്മാണത്തിന്റെ തുടക്കത്തിൽ തന്നെ പരാതികളും ഉയർന്നിരുന്നു. മൂന്നു ഘട്ടങ്ങളായാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. നിലവിലുള്ള റോഡ് വികസിപ്പിക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നുമില്ല. റോഡിലെ വളവുകളും തകർന്ന ഓടകളും റോഡിന്റെ ദീർഘദൂര ഉപയോഗത്തെ ബാധിക്കും. പ്രോജക്ട് തയാറാക്കിയതിൽ വന്ന അപാകതയാണ് പ്രശ്നങ്ങൾക്ക് കാരണം. റോഡുകൾ വെട്ടി പൊളിച്ച് ഓടകൾ നിർമ്മിക്കുന്ന ഭാഗങ്ങളിലെ വീട്ടുകാരും യാത്രക്കാരും റോഡിലേക്കിറങ്ങാൻ കഷ്ടപ്പെടുകയാണ്. വാഹനങ്ങൾ വീടുകളിലേക്ക് കയറ്റാൻ സാധിക്കുന്നില്ല. പകരം സംവിധാനമൊരുക്കാൻ കാരാറുകാരും ഒരുക്കമല്ല.