തിരുവനന്തപുരം : 97-ാം വയസിലേക്ക് കടന്ന ഭരണപരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്.അച്യുതാനന്ദന് പിറന്നാൾ ആശംസ നേരാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പത്നി രേഷ്‌മയും കവടിയാറിലെ വീട്ടിലെത്തി. ഇന്നലെ വൈകിട്ട് 4.35 ഓടെ എത്തിയ ഗവർണറെയും ഭാര്യയെയും വി.എസിന്റെ മകൻ അരുൺകുമാർ സ്വീകരിച്ചു. തുടർന്ന് സ്വീകരണമുറിയിലേക്കെത്തിയ ഗവർണറെ കാത്ത് കള്ളികളുള്ള കൈലിയും ടീഷർട്ടുമണിഞ്ഞ് വി.എസ് കാരണവരെ പോലെ ഇരിപ്പുണ്ടായിരുന്നു. ടീപ്പോയിലെ പ്ളേറ്റിൽ അതിഥികൾക്കായി ലഡുവും മൈസൂർ പാക്കും അണ്ടിപ്പരിപ്പും ജ്യൂസും ഒരുക്കിയിരുന്നു. ചാനൽ കാമറകളും പത്രഫോട്ടോഗ്രാഫർമാരും അസുലഭ നിമിഷം പകർത്താൻ തിക്കിതിരക്കി. വി.എസിനെ കണ്ടയുടൻ ഗവർണർ കൈകൂപ്പി. പിറന്നാൾ ദിനത്തിൽ വി.എസിന് ഗവർണർ ഫോണിലൂടെ ആശംസ അറിയിച്ചിരുന്നു. വീണ്ടും പിറന്നാൾ ആശംസകൾ നേരുന്നുവെന്ന് ഗവർണർ പറഞ്ഞപ്പോൾ വി.എസിന്റെ പതിവ് ശൈലിയിൽ വെരി വെരി താങ്ക്സ് എന്ന മറുപടി. ഇനിയും പിറന്നാളുകൾ ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടേയെന്ന് പറഞ്ഞ ഗവർണർ വി.എസിന് ബൊക്കെ നൽകി. പിന്നീട് വി.എസും കുടുംബാംഗങ്ങളുമായി സ്വകാര്യസംഭാഷണം. ഗവർണറുടെ പത്നി വി.എസിന്റെ ഭാര്യ വസുമതിയോട് സംസാരിക്കുന്ന തിരക്കിലായിരുന്നു. വി.എസിന് വേണ്ടി അരുണാണ് ഗവർണറോട് സംസാരിച്ചത്. കുടുംബത്തെ കുറിച്ചു ചോദിച്ചപ്പോൾ രണ്ട് മക്കളുണ്ടെന്നും ദൈവാനുഗ്രഹത്താൽ ഇപ്പോൾ ഒരു കൊച്ചുമകനെ കൂടി കിട്ടിയെന്നും ഗവർണറുടെ മറുപടി. അച്ഛന് കൊച്ചുമകനെന്ന് പറഞ്ഞാൽ ജീവനാണെന്നും എല്ലാകാര്യത്തിലും അവന് വേണ്ടി വാദിക്കുന്നത് അച്ഛനാണെന്നും അരുൺ പറഞ്ഞപ്പോൾ ചുണ്ടുകൾ അമർത്തിയുള്ള പതിവ് ചിരി വി.എസിന്റെ മുഖത്ത് വിടർന്നു. ഇതിനിടെ മാദ്ധ്യമപ്രവർത്തകരെ അകത്തേക്ക് ക്ഷണിച്ചു. പിന്നെ ഒരുമിച്ചിരുന്ന് ഫോട്ടോയ്ക്കായി പോസ് ചെയ്തു. അഞ്ച് മണിയോടെ ഗവർണറും ഭാര്യയും രാജ്ഭവനിലേക്ക് മടങ്ങി.