കിളിമാനൂർ: ശക്തമായ മഴയിൽ വീട് ഭാഗികമായി ഇടിഞ്ഞുവീണതോടെ നിർദ്ധന കുടുംബം ദുരിതത്തിൽ. പോങ്ങനാട് പഴയചന്ത പൊയ്‌കവിള വീട്ടിൽ പങ്കജവല്ലിയുടെ വീടാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ ഇടിഞ്ഞുവീണത്. പങ്കജവല്ലിയും കിടപ്പിലായ ഭർത്താവ് ചന്ദ്രശേഖരനും മകളും പേരക്കുട്ടിയുമടങ്ങിയ കുടുംബമാണ് ഇവിടെ താമസിക്കുന്നത്. മൺകട്ട കൊണ്ടു നിർമ്മിച്ച വീടിന് 60 വർഷം പഴക്കമുണ്ട്. കടയിൽ ജോലി ചെയ്യുന്ന മകളുടെ വരുമാനമാണ് ഇവരുടെ ഏക ആശ്രയം. വീടിന് അപേക്ഷ നൽകിയിട്ടും ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ലെന്നാണ് ഇവരുടെ പരാതി. വീടിന്റെ ബാക്കിയുള്ള ഭാഗം ഏതുനിമിഷവും തകർന്ന് വീഴാമെന്ന അവസ്ഥയിലാണ്. ഇവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.