abhaya-case

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ പൊലീസ് ഇൻക്വസ്റ്രിലെ സാക്ഷികളുടെ ഒപ്പ് വ്യാജമെന്ന് കേന്ദ്ര ഫോറൻസിക് സയൻസ് ലാബിലെ സീനിയർ സയന്റിസ്റ്രും കേസിലെ സാക്ഷിയുമായ ഡോക്ടർ.എം.എ.അലി. ഒപ്പുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും സാക്ഷി പ്രത്യേക സി.ബി.എെ കോടതിയെ അറിയിച്ചു.

കോടതിയിൽ പൊലീസ് ഹാജരാക്കിയ ഇൻക്വസ്റ്ര് റിപ്പോർട്ടിൽ നസീം,സേവ്യർ, സ്കറിയ എന്നിവരാണ് ഒപ്പിട്ടിട്ടുള്ളത്. അഭയയുടെ മൃതദേഹത്തിന് സമീപത്തു നിന്ന് കോടയം വെസ്റ്ര് പൊലീസ് സ്റ്റേഷൻ എ.എസ്.എെ അഗസ്റ്രിൻ തയ്യാറാക്കിയ ഇൻക്വസ്റ്റിൽ നസീമും സേവ്യറും സ്കറിയയും ഒപ്പിട്ടിരുന്നു. പൊലീസ് ഇൻക്വസ്റ്റിൽ തിരിമറി നടന്നതായ സംശയത്തെ തുടർന്ന് സി.ബി.എെ നസീമിന്റെയും സേവ്യറിന്റെയും സ്കറിയയുടേയും ഒപ്പുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു,

പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ അഗസ്റ്രിൻ മരിച്ച ശേഷം അഭയ കേസിലെ തെളിവ് നശിപ്പിച്ച കുറ്റത്തിന് അഗസ്റ്റിനെ സി.ബി.എെ പ്രതിയാക്കിയിരുന്നു. കേസിലെ 84-ാം സാക്ഷിയും ആലപ്പുഴ മെഡിക്കൽ കോളേജിലെ മുൻ ഫോറൻസിക് സയൻസ് വിഭാഗം മേധാവിയുമായിരുന്ന ഡോക്ടർ രമയെ വിസ്തരിക്കാൻ കോടതി മജിസ്ട്രേറ്റ് കമ്മീഷനെ ചുമതലപ്പെടുത്തി. യാത്ര ചെയ്ത് കോടതിയിൽ എത്തി മൊഴി നൽകാൻ ഡോക്ടർ രമ പ്രാപ്തയല്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി.