തിരുവനന്തപുരം: ആറ്രിങ്ങൽ മടവൂർ ആശാനിവാസിൽ റേഡിയോ ജോക്കി രാജേഷിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ നിലവിലുള്ള പതിനൊന്ന് പ്രതികൾക്കെതിരെയും ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി കുറ്രപത്രം നൽകി. കേസിലെ ഒന്നാം പ്രതിയും ഖത്തറിലെ വ്യവസായിയും ആയിരുന്ന അബ്ദുൾ സത്താറിന്റെ കുടുംബവും വ്യവസായവും നശിപ്പിച്ചതിലുള്ള ദേഷ്യമാണ് കൊലയ്ക്ക് കാരണമെന്ന് കുറ്രപത്രത്തിൽ പറയുന്നു. കേസിൽ ആകെ 12 പ്രതികളാണുള്ളതെങ്കിലും അബ്ദുൾ സത്താറിനെ ഇതുവരെ പിടികൂടാനായിട്ടില്ല . ഖത്തറിൽ നിരവധി സാമ്പത്തിക ഇടപാടുകളിൽപ്പെട്ട് നിയമനടപടി നേരിടുന്നതിനാൽ ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്ര് ചെയ്യാൻ പൊലീസിനായില്ല. 2018 മാർച്ച് 27ന് മടവൂരിലെ റെക്കർഡിംഗ് സ്റ്റുഡിയോയുടെ മുന്നിലിട്ടാണ് സത്താറിന്റെ ഉറ്റ സുഹൃത്ത് മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള ഗുണ്ടകൾ രാജേഷിനെ വെട്ടി കൊലപ്പെടുത്തിയത്.
കുറച്ച് കാലം ഖത്തറിൽ ജോലി നോക്കിയ രാജേഷ് അവിടെ വച്ച് സത്താറിന്റെ ഭാര്യയും നൃത്താദ്ധ്യാപികയുമായ യുവതിയുമായി ബന്ധം സ്ഥാപിച്ചത്രേ. ഇവരുടെ അവിഹിത ബന്ധം സത്താറിന്റെ കുടുംബ ജീവിതം തകർത്തു. തുടർന്ന് ബിസിനസിലും വലിയ തിരിച്ചടി നേരിട്ടു. രാജേഷിനോട് സത്താറിനുള്ള ഈ വിരോധമാണ് രാജേഷിനെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചത്. ഒാച്ചിറ മേമന സ്വദേശി മുഹമ്മദ് സാലിഹ്, കായംകുളം സ്വദേശി അപ്പു എന്ന അപ്പുണ്ണി, കരുനാഗപ്പള്ളി സ്വദേശി കെ. തൻസീർ, ശക്തികുളങ്ങര സ്വദേശി സനു സന്തോഷ്, ഒാച്ചിറ വലിയകുളങ്ങര സ്വദേശി എ. യാസീൻ, കുണ്ടറ സ്വദേശി എസ്. സ്വാതി സന്തോഷ്, കുണ്ടറ കാഞ്ഞിരോട് സ്വദേശി ജെ. എബി ജോൺ, അപ്പുണ്ണിയുടെ സഹോദരീ ഭർത്താവ് സുമിത്ത്, സുമിത്തിന്റെ ഭാര്യ ഭാഗ്യശ്രീ, അപ്പുണ്ണിയുടെ വനിതാ സുഹൃത്ത് എറണാകുളം വട്ടച്ചാനൽ വീട്ടിൽ സിബല്ല സോണിയ, സത്താറിന്റെ വനിതാ സുഹൃത്ത് എറണാകുളം കപ്പലണ്ടി മുക്ക് ഹയറുന്നീസാ മൻസിലിൽ ഷിജി നഷിഹാബ് എന്നിവരാണ് പ്രതികൾ.