തിരുവനന്തപുരം: പേട്ട ആനയറയിൽ ആട്ടോ ഡ്രൈവർ വിപിനെ കൊലപ്പെടുത്തിയത് ഇയാളുടെ ഭീഷണി ഒഴിവാക്കാനെന്ന് പ്രതികളുടെ മൊഴി. കൊലപാതക സംഘത്തിന് നേതൃത്വം നൽകിയ ചാക്ക മുരുകൻ എന്ന ശിവപ്രതാപിനെതിരെ വിപിൻ പലതവണ ഭീഷണി മുഴക്കിയിരുന്നു. നിരവധി കേസുകളിൽ പ്രതിയായ മുരുകനെതിരെ ഒരു കേസ് കൂടിവന്നാൽ ഗുണ്ടാനിയമപ്രകാരം ഇയാൾ കരുതൽ തടങ്കലിലാകും. ഇതറിയാവുന്ന വിപിൻ മുരുകനെതിരെ ഒരു കേസ് കൂടി ഉണ്ടാക്കാൻ ശ്രമിച്ചിരുന്നതായും പ്രതികൾ പൊലീസിനോട് പറഞ്ഞു. കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ല. കൈ കാലുകൾ വെട്ടുകയായിരുന്നു ലക്ഷ്യം. പ്രതികളായ ചാക്ക മുരുകൻ എന്ന ശിവപ്രതാപ്, റിജു, ജയദേവൻ, റസീം, അനുലാൽ, വിനീഷ് എന്നിവർ മദ്യപിച്ച ശേഷമാണ് കൃത്യത്തിനെത്തിയത്. വിപിന് പരിചയമില്ലാത്ത വ്യക്തിയെക്കൊണ്ടാണ് ആട്ടോറിക്ഷ വിളിപ്പിച്ചത്. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല. ലോർഡ്സ് ആശുപത്രിക്ക് സമീപമുള്ള ഇടവഴിയിലെത്തിയപ്പോൾ ബൈക്കിലെത്തിയ പ്രതികൾ വഴിതടഞ്ഞു. ആട്ടോറിക്ഷയുടെ ഗ്ലാസ് അടിച്ചുപൊട്ടിച്ചു. വിപിൻ ഇറങ്ങി ഓടിയെങ്കിലും ഇവർ പിന്തുടർന്ന് വെട്ടിവീഴ്‌ത്തുകയായിരുന്നു. 20 മിനിട്ടോളം വിപിൻ റോഡിൽ കിടന്നു. ആംബുലൻസിലേക്ക് കയറ്റുമ്പോഴും വിപിന് ബോധമുണ്ടായിരുന്നു. നാലുപേർ ചേർന്നാണ് വെട്ടിയതെന്ന് വിപിൻ ആംബുലൻസ് ജീവനക്കാരോട് പറഞ്ഞിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വിപിന് ബോധം നഷ്ടമായി. പിന്നീടാണ് മരണം സംഭവിച്ചത്. കസ്റ്രഡിയിലുള്ള പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കൊലപാതകം നടത്താൻ ഉപയോഗിച്ച ആയുധങ്ങൾ, പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ എന്നിവ കണ്ടെത്തേണ്ടതിനാൽ ഇവരെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി ഇന്ന് അപേക്ഷ നൽകുമെന്ന് പേട്ട സി.ഐ കെ.ആർ. ബിജു പറഞ്ഞു.