home

കിളിമാനൂർ: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പ്രദേശത്തെ നിരവധി വീടുകൾ തകരുകയും, കൃഷിയിടങ്ങൾ നശിക്കുകയും ,തോടുകൾ കരകയുകയും ചെയ്തു. മുളയ്ക്കലത്ത് കാവ് ഐ ച്ചിക്കോണം സന്ധ്യാ മന്ദിരത്തിൽ രാജേന്ദ്രന്റെ വീട്ടിൽ വെള്ളം കയറുകയും ഭിന്നശേഷിക്കാരിയായ കുട്ടിയുൾപ്പെടെ മണിക്കൂറുകളോളം ഒറ്റപ്പെടുകയും ചെയ്തു. രാവിലെ മഴ തോർന്ന് വെള്ളം ഇറങ്ങിയ ശേഷമാണ് ഇവർക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ കഴിഞ്ഞത്. പോങ്ങനാട് പഴയ ചന്തയിൽ പൊയ്കവിള വീട്ടിൽ ചന്ദ്ര ശേഖരന്റെ വീടും, പഴയ ചന്തയിൽ പങ്കജാക്ഷിയുടെ മൺ ഭിത്തി കൊണ്ടുള്ള വീടും തകർന്നു.അറു കാഞ്ഞിരം ബാദുഷയുടെ വീട് രാത്രിയിൽ തകർന്നു. ബാദുഷയും ഭാര്യയും അടങ്ങുന്ന കുടുംബം ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. കണ്ണങ്കര കോളനിയിൽ മണിച്ചിയുടെ വീട് ഭാഗികമായി തകർന്നു.അറു കാഞ്ഞിരം, പോങ്ങനാട്, വെള്ളല്ലൂർ, പുല്ലയിൽ, നഗരൂർ, അടയമൺ മേഖലകളിലെ നെൽ വയലുകളിലും, മരിച്ചീനി ഉൾപ്പെടെയുള്ള കൃഷികൾക്ക് നാശം ഉണ്ടാവുകയും ചെയ്തു.വാമനപുരം, ചിറ്റാർ നദികൾ നിറഞ്ഞൊഴുകി സമീപത്തുള്ള പുരയിടങ്ങളിൽ വെള്ളം കയറി.നിരവധി സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞ് വീണ് വൈദ്യുതി തടസം ഉണ്ടായി.