തിരുവനന്തപുരം : ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവ കൊടിയേറ്റിനുള്ള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ ജോയിന്റ് സൂപ്രണ്ട് ടി.ആർ. രാജീവിൽ നിന്ന് ക്ഷേത്രം മാനേജർ ബി. ശ്രീകുമാർ ഏറ്റുവാങ്ങി. പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികളാണ് വർഷങ്ങളായി കയർ നിർമ്മിക്കുന്നത്. ഒരു മാസത്തോളം വ്രതമെടുത്താണ് നൂലുകൊണ്ട് കയർ പിരിച്ചെടുക്കുന്നത്. ക്ഷേത്ര ജീവനക്കാരായ ബബിലു ശങ്കർ, മുകേഷ് മോഹൻ, അക്ഷയ് മോഹൻ, ഹരി .എ.കെ, കെ.സി. ശ്രിജിൻ കൃഷ്ണ, ആർ. രാഹുൽ, സെൻട്രൽ ജയിൽ സൂപ്രണ്ട് ആർ.എസ്. രാജേഷ് കുമാർ, അസിസ്റ്റന്റ് സൂപ്രണ്ട് എസ്. പ്രകാശ്, വീവിംഗ് ഇൻസ്ട്രക്ടർമാരായ ജോസ് വർഗീസ്, ഡി.വൈ. കിഷോർ, വീവർമാരായ ആർ.കെ. മനോജ്, കെ.എസ്. പ്രദീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അല്പശി ഉത്സവം 26 ന് കൊടിയേറും. രാവിലെ കൊടിക്കൂറ പൂജ കഴിഞ്ഞ് കൊടിയേറ്റിന് ഉപയോഗിക്കുന്ന കൊടി പെരിയ നമ്പിയും പഞ്ചഗവ്യത്തു നമ്പിയും ചേർന്ന് ക്ഷേത്ര തന്ത്രി തരണനെല്ലൂർ നമ്പൂതിരിപ്പാടിനു കൈമാറും. ധ്വജപൂജ നടത്തി 9നും 9.30നും ഇടയ്ക്ക് തന്ത്രി കൊടിയേറ്റും.