തിരുവനന്തപുരം: പോളിംഗ് ശതമാനം കുറഞ്ഞതിന് മുന്നണികൾ കാരണം ചികയുകയാണെങ്കിലും, ഭരണത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്തായപ്പോഴും ഉപതിരഞ്ഞെടുപ്പുകളിൽ ഇടത്, വലത് മുന്നണികളെ ജയം തുണച്ചതായാണ് സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് ചരിത്രം വ്യക്തമാക്കുന്നത്. പോളിംഗ് ശതമാനം കൂടിയപ്പോഴും കുറഞ്ഞപ്പോഴും ജയപരാജയങ്ങളുണ്ടായിട്ടുണ്ടെങ്കിലും പലപ്പോഴും ശതമാന വർദ്ധനവ് തുണച്ചിട്ടുള്ളത് യു.ഡി.എഫിനെ.
ഇടതുമുന്നണി ഭരണത്തിൻകീഴിൽ, ഉപതിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് വിജയിക്കാതിരുന്ന ചരിത്രം മാറിയത് 2009 ലാണ്. അതേസമയം, ഈ സർക്കാരിന്റെ കാലത്തു നടന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ജയം അവർക്ക് അകലെയായി. വേങ്ങരയിൽ പക്ഷേ ജയം തുണച്ചു. 2009 ൽ കണ്ണൂർ, എറണാകുളം, ആലപ്പുഴ നിയമസഭാ മണ്ഡലങ്ങളിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ്. എം.എൽ.എമാരായിരുന്ന കെ. സുധാകരനും കെ.വി. തോമസും കെ.സി. വേണുഗോപാലും ലോക്‌സഭാംഗങ്ങളായ ഒഴിവിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ്. അതിൽ കണ്ണൂരിൽ എ.പി. അബ്ദുള്ളക്കുട്ടിയും എറണാകുളത്ത് ഡൊമിനിക് പ്രസന്റേഷനും ആലപ്പുഴയിൽ എ.എ. ഷുക്കൂറും ജയിച്ചു. അത്തവണ പോളിംഗ് ശതമാനം ഉയർന്നുവെന്നതും കാണണം.
കണ്ണൂരിൽ 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 74.70ശതമാനമായിരുന്ന പോളിംഗ് 2009 ൽ 79.33 ശതമാനമായി. എറണാകുളത്ത് 2006ൽ 61.18 ശതമാനമായിരുന്നത് 2009ൽ 64.64 ശതമാനമായും, ആലപ്പുഴയിൽ 74.32 ശതമാനമായിരുന്നത് 74.99 ശതമാനമായും ഉയർന്നു. ടി.എം. ജേക്കബിന്റെ നിര്യാണത്തെ തുടർന്ന് 2012 ൽ പിറവം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ ജേക്കബിന്റെ മകൻ അനൂപ് ജേക്കബാണ് വിജയിച്ചത്. 2011ൽ ജേക്കബ് മത്സരിച്ചപ്പോൾ 79.37 ശതമാനമായിരുന്ന പോളിംഗ് അനൂപ് മത്സരിച്ചപ്പോൾ 86.38ശതമാനമായി ഉയരുകയുണ്ടായി. നെയ്യാറ്റിൻകരയിൽ സി.പി.എം അംഗമായിരുന്ന ആർ. സെൽവരാജ് രാജിവച്ച് കോൺഗ്രസ്സിൽ ചേർന്നതിനെ തുടർന്ന് 2012ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത് വീണ്ടും സെൽവരാജ്. 2011ൽ 70.77 ശതമാനമായിരുന്ന പോളിംഗ് അക്കുറി 80.1 ശതമാനമായി ഉയർന്നു.
കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ ജി. കാർത്തികേയന്റെ നിര്യാണത്തെ തുടർന്ന് 2015ൽ അരുവിക്കരയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കാർത്തികേയന്റെ മകൻ കെ.എസ്. ശബരിനാഥനായിരുന്നു വിജയം. 2011ൽ 70.2ശതമാനമായിരുന്ന പോളിംഗ് 2015ൽ 77.35ശതമാനമായി ഉയർന്നു. പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് വിജയിച്ചതിനെ തുടർന്ന് 2017ൽ വേങ്ങരയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ലീഗിലെ കെ.എൻ.എ. ഖാദറാണ് വിജയിച്ചത്. 2016ൽ 70.77 ശതമാനമായിരുന്ന പോളിംഗ് അത്തവണ 72.12ശതമാനമായി. സി.പി.എം അംഗമായിരുന്ന കെ.കെ. രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നാണ് 2018ൽ ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അന്ന് സി.പി.എമ്മിലെ സജി ചെറിയാൻ വിജയിച്ചു. 2016ൽ 74.36 ശതമാനമായിരുന്ന പോളിംഗ് അക്കുറിയും 76.25 ശതമാനമായി കൂടി.