നേമം: പൊന്നുമംഗലം വാർഡിലെ പളളിക്കുളം റോഡിന്റെ കരിങ്കൽ കെട്ട് ഇടിഞ്ഞു വീണു. മുന്നൂറു മീറ്ററോളം വരുന്ന ടാർ ചെയ്ത റോഡിന്റെ പാർശ്വ ഭിത്തികളാണ് ശക്തമായ മഴയിൽ ഇടിഞ്ഞ് കുളത്തിൽ പതിച്ചത്. മാസങ്ങൾക്ക് മുമ്പാണ് ഭിത്തി പൊളിഞ്ഞു തുടങ്ങിയത്. തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഉൾപ്പെട്ടതാണ് ഈ റോഡും പരിസരവും. തുടർച്ചയായി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിന്റെ കരിങ്കൽ ഭിത്തിയിലുണ്ടായ തകർച്ച അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ സമീപത്തെ സ്കൂളിൽ പോകുന്ന കുട്ടികളും രക്ഷിതാക്കളും റോഡിന്റെ ഭിത്തിയിലുണ്ടായ തകർച്ചയിൽ ഏറെ ആശങ്കാകുലരാണ്. ശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ കരിങ്കൽ കെട്ടുകൾ പൂർണമായും തകരുമെന്നതിനാൽ സമീപ വാസികളും ഭീതിയിലാണ്. റോഡിന്റെ തകർന്ന ഭിത്തികൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി പൂർവ സ്ഥിതിയിൽ എത്തിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.