തിരുവനന്തപുരം : ത്രികോണ പോരാട്ടം നടന്ന വട്ടിയൂർക്കാവിൽ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ മുന്നണികൾ തികഞ്ഞ ശുഭാപ്‌തി വിശ്വാസത്തിൽ. 2016 ലെക്കാൾ പോളിംഗ് ശതമാനം കുറവാണെങ്കിലും ഫലം അനുകൂലമായിരിക്കുമെന്നാണ് മുന്നണികളുടെ കണക്കുകൂട്ടൽ. പോളിംഗിന്റെ ആദ്യ മണിക്കൂറുകളിൽ കാലാവസ്ഥ പ്രതികൂലമായെങ്കിലും ഉച്ചയോടെ മഴമാറി നിന്നത് ആശ്വാസമായി. പോളിംഗ് കുറഞ്ഞെങ്കിലും മണ്ഡലം കൈവിടില്ലെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. യുവസ്ഥാനാർത്ഥിയെന്ന അനുകൂല തരംഗം വോട്ടായി മാറിയിട്ടുണ്ടെന്നും വി.കെ. പ്രശാന്തിന് വിജയം ഉറപ്പാണെന്നും എൽ.ഡി.എഫ് ക്യാമ്പുകൾ കണക്കുകൂട്ടുന്നു. കുമ്മനം രാജശേഖരൻ നേടിയ വോട്ടുകൾ നിലനിറുത്തുന്നതോടൊപ്പം ഒരു അട്ടിമറി പ്രതീക്ഷയിലാണ് ബി.ജെ.പി. പരമ്പരാഗത കോൺഗ്രസ് വോട്ടുകളുള്ള മണ്ഡലത്തിൽ അട്ടിമറി സാദ്ധ്യത യു.ഡി.എഫ് പാടെ തള്ളുകയാണ്. ഡോ. മോഹൻകുമാറിന്റെ വിജയം ഉറപ്പിക്കുമ്പോഴും എൻ.എസ്.എസിന്റെ പരസ്യപിന്തുണ എത്രത്തോളം ഗുണം ചെയ്‌തെന്ന് കൃത്യമായി വിലയിരുത്താൻ യു.ഡി.എഫ് ക്യാമ്പുകൾക്ക് കഴിയുന്നില്ല. ഏതെങ്കിലും തരത്തിൽ അത് ദോഷമായി ബാധിച്ചിട്ടുണ്ടോയെന്നും ചില നേതാക്കൾക്ക് ആശങ്കയുണ്ട്. അതേസമയം മേയറുടെ വ്യക്തിപ്രഭാവവും സർക്കാരിന്റെ ഭരണനേട്ടവും വട്ടിയൂർക്കാവിൽ വോട്ടായി മാറിയെന്ന് എൽ.ഡി.എഫ് നേതാക്കൾ പറയുന്നു. രണ്ടാം വട്ടവും മോദി കേന്ദ്രത്തിലെത്തിയതും കേന്ദ്ര പദ്ധതികൾ മണ്ഡലത്തിലെത്തിക്കുന്നതിന് എസ്. സുരേഷ് ജയിക്കണമെന്ന ചിന്ത ജനങ്ങൾക്കുണ്ടായെന്നും ഇത് വോട്ടായി പ്രതിഫലിക്കുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. ഏതായാലും വട്ടിയൂർക്കാവിന്റെ ജനമനസ് ആർക്കൊപ്പമാണെന്ന് അറിയാൻ വ്യാഴാഴ്ച രാവിലെ 8 മണിവരെ കാത്തിരിക്കണം.