തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ 62.66 ശതമാനം പോളിംഗ്. 168 ബൂത്തുകളിലായാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് പൂർത്തിയാക്കി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രമായ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റി. 24നാണ് വോട്ടെണ്ണൽ. വരണാധികാരിയുടെയും തിരഞ്ഞെടുപ്പ് നിരീക്ഷകരായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിട്ടുള്ള ഒബ്സർവർമാരുടെയും സാന്നിദ്ധ്യത്തിലാകും സ്‌ട്രോംഗ് റൂമുകൾ സീൽ ചെയ്യുന്നത്. വോട്ടെണ്ണൽ ദിനമായ 24ന് രാവിലെ എട്ടിനേ തുറക്കൂ. അതുവരെ കേന്ദ്ര സേനയുടെയും പൊലീസിന്റെയും ശക്തമായ സുരക്ഷാ നിരീക്ഷണത്തിലാകും സ്‌ട്രോംഗ് റൂമുകൾ.
മണ്ഡലത്തിലെ 48 സെൻസിറ്റീവ് പോളിംഗ് സ്‌റ്റേഷനുകളിൽ 37 ഇടങ്ങളിൽ വെബ് കാസ്റ്റിംഗും 11 ഇടങ്ങളിൽ മൈക്രോ ഒബ്സർവർമാരെയും നിയോഗിച്ചിരുന്നു.
തണുപ്പൻ മട്ടിൽ തുടങ്ങി; പിന്നീട് പോളിംഗ് കൂടി
കനത്ത മഴയ്ക്കിടെ വോട്ടെടുപ്പിനു മുന്നോടിയായുള്ള മോക് പോളിംഗ് പുലർച്ചെ 5 മുതൽ 168 പോളിംഗ് ബൂത്തുകളിലും നടന്നു. വോട്ടെടുപ്പ് 7ന് തുടങ്ങി ആദ്യ രണ്ട് മണിക്കൂറിൽ കനത്ത മഴ പോളിംഗിനെ ബാധിച്ചു. ആദ്യ മണിക്കൂറിൽ 3.96 ശതമാനം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്. ഒന്നര മണിക്കൂറിൽ പോളിംഗ് ശതമാനം 4.99 ആയി. മഴയ്ക്ക് നേരിയ ശമനം വന്നതോടെ വോട്ടിംഗ് ശതമാനവും കൂടി. രാവിലെ പത്തോടെ 15.33 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. പിന്നീടുള്ള രണ്ട് മണിക്കൂറിൽ കനത്ത പോളിംഗ് നടന്നു. 12 മണിയോടെ പോളിംഗ് ശതമാനം 30.03ൽ എത്തി. രണ്ടു മണിയോടെ 41.12 ശതമാനവും മൂന്നിന് 47.88 ലും മൂന്നരയ്ക്ക് 50 ശതമാനവും കടന്നു. വൈകിട്ട് അഞ്ചിന് 60.47 ശതമാനത്തിലുമെത്തി. ഉച്ചയ്ക്ക് ശേഷമാണ് കൂടുതൽ പേർ വോട്ട് ചെയ്യാനെത്തിയത്.
ആകെ വോട്ടർമാർ -1,97,570
വോട്ട് ചെയ്തത്-1,23,804
വോട്ട് ചെയ്തവരിൽ സ്ത്രീകൾ-62,594, പുരുഷമാർ-61,209, ഒരാൾ ട്രാൻസ്‌ജെൻഡറുമാണ്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 69.34 ശതമാനമായിരുന്നു ഇവിടത്തെ പോളിംഗ്
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 69.83 ആയിരുന്നു പോളിംഗ്