fht

നെയ്യാ​റ്റിൻകര :ഒളിച്ചോടാൻ ശ്രമിച്ച കമിതാക്കളെ ബന്ധുക്കൾ ജംഗ്ഷനിൽ വച്ച് സിനിമാ സ്റ്റൈലിൽ വളഞ്ഞിട്ട് പിടികൂടി. ഇതിനിടെ യുവാവിന്റെയും യുവതിയുടെയും ബന്ധുക്കൾ ചേരി തിരിഞ്ഞ് പരസ്പരം വെല്ലുവിളിച്ചത് ഉന്തിലും തള്ളിലും കലാശിച്ചു. ഇതറിഞ്ഞ് പാഞ്ഞെത്തിയ പൊലീസ് ഇരുകൂട്ടരെയും പിടികൂടി നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്നലെ രാത്രി ഒൻപത് മണിയോടെ ആലുംമൂട് ജംഗ്ഷനിലാണ് സംഭവം നടന്നത്. ആലുംമൂട് ജംഗ്ഷനിൽ ഇതു കാരണം ഏതാണ്ട് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അമരവിള സ്വദേശികളായ കമിതാക്കൾ ഒരു ക്ഷേത്രത്തിൽ വിവാഹം ചെയ്തതായി ഇരു വീട്ടുകാരുടെയും ബന്ധുക്കൾ അറിഞ്ഞു. 'വിവാഹ' ശേഷം ആട്ടോയിൽ പോകവേ ബന്ധുക്കൾ പിറകെ കാറിലും ബൈക്കിലുമായി പിന്തുടർന്നെത്തി. ദേശീയപാതയിൽ ആലുംമൂട് ജംഗ്ഷനിൽ വച്ച് ഇവരെ തടഞ്ഞ് നിറുത്തി രണ്ടു പേരെയും പിടിച്ചിറക്കാൻ ശ്രമിച്ചതോടെ കമിതാക്കൾ ബഹളം വച്ചു. തുടർന്ന് നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ വധുവിന്റെ വീട്ടുകാരും വരന്റെ വീട്ടുകാരും നടുറോഡിൽ ചേരിതിരിഞ്ഞ് കലഹം തുടങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നെയ്യാറ്റിൻകര സി.ഐ പ്രശാന്ത് കമിതാക്കളെയും ബന്ധുക്കളെയും സ്​റ്റേഷനിലെത്തിച്ചു. രണ്ടു പേരും പ്രായപൂർത്തിയായവരാണെന്നും രേഖകൾ സഹിതം നാളെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.