1964 ലെ ഭിന്നിപ്പിന് ശേഷം സി.പി.ഐ -സി.പി.എം ബന്ധങ്ങൾ ഏറ്റവും സുശക്തമായി തീർന്ന കാലഘട്ടമാണിത്. ദേശീയ - സാർവദേശീയ സംഭവവികാസങ്ങൾ വിലയിരുത്തുന്നതിൽ ഇരുപാർട്ടികളും തമ്മിൽ ഇത്രയേറെ താത്പര്യപ്പൊരുത്തമുണ്ടായ ഒരു കാലഘട്ടം മുമ്പുണ്ടായിട്ടില്ല. കമ്മ്യൂണിസ്റ്റുകാരെ മാത്രമല്ല, ഇടതുപക്ഷ ശക്തികളെയാകെ സി.പി.ഐ -സി.പി.എം ബന്ധങ്ങളിലെ ആ അടുപ്പം ആഹ്ലാദിപ്പിക്കുന്നുണ്ട്. പക്ഷേ അതിൽ അസഹിഷ്ണുതയുള്ളവരും ഉണ്ടെന്നത് മറക്കേണ്ടതില്ല. ഇടതുപക്ഷ ആശയങ്ങളോട് പല കാരണങ്ങളാൽ വൈരം പുലർത്തുന്നവരാണ് അവർ. ഇപ്പോൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജന്മശതാബ്ദി ആഘോഷിക്കാൻ സി.പി.എം തീരുമാനിച്ചപ്പോൾ അതിൽ കടന്നുപിടിച്ച് തർക്കങ്ങൾക്ക് വഴിമരുന്നിടാൻ സാധിക്കുമോ എന്നാണ് അക്കൂട്ടരുടെ ചിന്ത.
ഈ വിഷയത്തിലടക്കം ചിലകാര്യങ്ങളുടെ വിശദാംശങ്ങളിൽ സി.പി.ഐക്കും സി.പി.എമ്മിനും ഇടയിൽ വ്യത്യസ്ത വീക്ഷണങ്ങൾ ഉണ്ടെന്നത് രഹസ്യമല്ല. രണ്ട് പാർട്ടികളായി സി.പി.ഐയും സി.പി.എമ്മും തുടരുന്നിടത്തോളം കാലം അതുണ്ടാകും എന്നതിലും അതിശയപ്പെടേണ്ടതില്ല. അത്തരം ചില കാര്യങ്ങളിൽ ഭിന്നാഭിപ്രായം ഉള്ളതുകൊണ്ടാണല്ലോ പാർട്ടികൾ ഇപ്പോഴും രണ്ടായി തുടരുന്നത്. എന്നാൽ ഒരു കാര്യം ഉറപ്പാണ്. യാതൊരുവിധ തർക്കത്തിന്റെയും പേരിൽ സി.പി.ഐ സി.പി.എം ബന്ധങ്ങൾ ശിഥിലമാകുമെന്നോ പാർട്ടികൾ തമ്മിൽ കലഹിച്ച് പിരിയുമെന്നോ ആരും വ്യാമോഹിക്കേണ്ടതില്ല. നാടിന്റെ ജനാധിപത്യമതേതര മൂല്യങ്ങൾക്ക് മേലും അദ്ധ്വാനിക്കുന്ന ജനതയുടെ അവകാശങ്ങൾക്കു മേലും വർഗീയ ഫാസിസത്തിന്റെ കഴുകൻ ചിറക് വിരിച്ച് നിൽക്കുകയാണ്. ആ സാഹചര്യത്തിൽ കൂടുതൽ അർത്ഥപൂർണമായ ഐക്യം' എന്നത് തന്നെയായിരിക്കും കമ്മ്യൂണിസ്റ്റുകാരുടെ മൗലിക മുദ്രാവാക്യം.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണവർഷം സംബന്ധിച്ച് സി.പി.ഐക്കും സി.പി.എമ്മിനും വ്യത്യസ്ത സമീപനമുണ്ടായത് പെട്ടെന്നല്ല. പാർട്ടിയുടെ ഭിന്നിപ്പോളം പ്രായമുള്ള വ്യത്യസ്ത വീക്ഷണമാണത്. ഭിന്നിപ്പിന് മുമ്പ് ഒന്നായിരുന്ന പാർട്ടിയിൽ തന്നെ രൂപീകരണവർഷം സംബന്ധിച്ച് ചർച്ചകൾ ഉണ്ടായിട്ടുണ്ട്. കൊളോണിയൽ വാഴ്ചയ്ക്ക് കീഴിൽ നടന്ന നിരന്തര ആക്രമണങ്ങൾക്ക് നടുവിലൂടെയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർക്ക് നടന്ന് നീങ്ങേണ്ടിയിരുന്നത്. മഹത്തായ ഒക്ടോബർ വിപ്ലവത്തിന്റെ വിളികേട്ട് ചുവപ്പിന്റെ പാത തേടിയെത്തിയവരാണ് പ്രസ്ഥാനത്തിന്റെ ആദ്യ പഥികർ എല്ലാം. രാജ്യത്തിന്റെ പല കോണുകളിലും ചിലപ്പോൾ പുറത്തും സോഷ്യലിസത്തിന്റെ പാത പിൻപറ്റാൻ തയ്യാറായി വിപ്ലവകാരികളുടെ ചെറു ചെറു ഗ്രൂപ്പുകൾ ഉദയം കൊണ്ടു. ബ്രിട്ടീഷ് സാമ്രാജ്യത്വം അതിന്റെ അപകടം മണത്തു.
കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെ മുളയിലേ നുള്ളാനുള്ള പരിശ്രമങ്ങളുടെ ഭാഗമായി പെഷവാർ, ലാഹോർ, കോൺപൂർ, മീററ്റ് എന്നിങ്ങനെ ഗൂഢാലോചനകേസുകൾ കെട്ടിച്ചമയ്ക്കപ്പെട്ടു. അത്തരം അടിച്ചമർത്തലുകളെ നേരിട്ടു കൊണ്ട് തന്നെ ദേശീയ പ്രസ്ഥാനത്തിന്റെ അജൻഡയിൽ പൂർണ സ്വാതന്ത്ര്യം എന്ന ലക്ഷ്യം ആദ്യമായി എഴുതി ചേർത്തത് കമ്മ്യൂണിസ്റ്റുകാരാണ്. പുതിയ മുന്നേറ്റങ്ങൾക്ക് ഊർജം പകരാൻ ഏകീകൃതമായ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാകണമെന്ന ധാരണയോടെയാണ്, 1925 ഡിസംബറിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി കാൺപൂരിൽ വച്ച് രൂപം കൊണ്ടത്.
പാർട്ടി പിറന്ന തീയതിയെക്കുറിച്ച് വ്യത്യസ്ത ചിന്താഗതികൾ വച്ചുപുലർത്തിയവർ അപ്പോഴും ഒന്നായിരുന്ന പാർട്ടിയിൽത്തന്നെ ഉണ്ടായിരുന്നു. അതേക്കുറിച്ച് പാർട്ടിയിൽ ഏകീകൃതമായ വ്യക്തത ഉണ്ടാകാൻ നിമിത്തമായത് ഇന്തോനേഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു കത്തായിരുന്നു. പല തീയതികൾ പറഞ്ഞു കേൾക്കുന്നതിൽ ഏതാണ് ശരി എന്നായിരുന്നു ഇന്തോനേഷ്യൻ സഖാക്കൾക്ക് അറിയേണ്ടിയിരുന്നത്. ആശയക്കുഴപ്പങ്ങൾക്ക് വിരാമമിടാനും അവർക്ക് മറുപടി നൽകാനും വേണ്ടി 1959 ആഗസ്റ്റ് 18ന് പാർട്ടി സെക്രട്ടേറിയറ്റ് കൂടി. അജയ് ഘോഷ്, ബി.ടി രണദിവെ, പി.സി ജോഷി, എം . ബസവ പുന്നയ്യ, ഇസഡ്. എ . അഹമ്മദ്, എസ്.എ . ഡാങ്കെ, എ.കെ .ഗോപാലൻ എന്നിവരാണ് ആ യോഗത്തിൽ പങ്കെടുത്തത്. യോഗത്തിന്റെ മിനിറ്റ്സ് തയ്യാറാക്കിയത് ബസവ പുന്നയ്യയുടെ കൈപ്പടയിലായിരുന്നു.
ആശയവിനിമയങ്ങൾക്കൊടുവിൽ 'സി.പി.ഐ രൂപീകരണത്തിന്റെ തീയതി 1925' എന്നാണ് മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റേതെങ്കിലും തീയതി പ്രസ്തുത യോഗത്തിൽ ഉന്നയിക്കപ്പെട്ടതായി മിനിറ്റ്സിൽ കാണുന്നില്ല. ആ തീരുമാനപ്രകാരം 1959 ആഗസ്റ്റ് 20ന് ഇന്തോനേഷ്യൻ പാർട്ടിക്ക് എഴുതിയ കത്ത് ഇപ്രകാരമായിരുന്നു. 'ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമായത് 1925 ഡിസംബർ മാസത്തിലാണ്. അതിനു മുമ്പ് തന്നെ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ കമ്മ്യൂണിസ്റ്റുകാർ വ്യക്തികൾ എന്ന നിലയിലും ചെറു ഗ്രൂപ്പുകളായും പ്രവർത്തിച്ചിരുന്നു. എന്നാൽ 1925 ഡിസംബറിൽ കാൺപൂരിൽ ചേർന്ന ഈ ഗ്രൂപ്പുകളുടെ പ്രതിനിധികളുടെ യോഗത്തിൽ വച്ചാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടത്." കത്ത് എഴുതിയതും അതിൽ ഒപ്പിട്ടതും സഖാവ് ബി.ടി .രണദിവെ ആയിരുന്നു.
ഒന്നായിരുന്ന പാർട്ടിയിൽ ഈ വിഷയം വീണ്ടും ചർച്ച ചെയ്യപ്പെട്ടുവെന്ന് പാർട്ടി രേഖകൾ വ്യക്തമാക്കുന്നു. 1960ൽ ബംഗാൾ സംസ്ഥാന കൗൺസിൽ താഷ്ക്കന്റ് യോഗത്തെ അടിസ്ഥാനമാക്കി 40-ാം വാർഷികം ആഘോഷിക്കാൻ തീരുമാനിച്ചപ്പോഴായിരുന്നു അത്. അന്ന് പാർട്ടിയുടെ ആക്ടിംഗ് ജനറൽ സെക്രട്ടറി ആയിരുന്ന സഖാവ് ഇ.എം.എസ് . നമ്പൂതിരിപ്പാട് ആ തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട് 1960 ജൂൺ 10ന് എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു: ''പാർട്ടി രൂപീകരണത്തിന്റെ 40-ാം വാർഷികം നമ്മൾ 1961ൽ ആഘോഷിക്കണമെന്ന് നിങ്ങളുടെ സംസ്ഥാന കൗൺസിൽ പ്രമേയം പാസാക്കിയതായി ഞങ്ങൾ മനസിലാക്കുന്നു. ഇക്കാര്യം സെക്രട്ടേറിയറ്റ് ചർച്ചചെയ്യുകയും ഇത്തരം വിഷയങ്ങളിൽ നാഷണൽ കൗൺസിൽ അല്ലാതെ മറ്റൊരു ഘടകത്തിനും തീരുമാനമെടുക്കാൻ കഴിയില്ലെന്ന നിഗമനത്തിൽ എത്തുകയും ചെയ്തു. അതിനാൽ ഈ വിഷയം അടുത്ത നാഷണൽ കൗൺസിൽ യോഗത്തിൽ ചർച്ചചെയ്യുന്നതാകും ഉചിതം.''
ഈ വിഷയത്തിൽ ദേശീയ സെക്രട്ടേറിയറ്റിന് വേണ്ടി 1963 ജൂൺ അഞ്ചാം തീയതി എം.എൻ . ഗോവിന്ദൻ നായർ പുറപ്പെടുവിച്ച പ്രസ്താവനയിൽ ഇങ്ങനെയാണ് പറഞ്ഞത്.' ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമായത് 1925 ഡിസംബറിൽ കാൺപൂരിൽ ചേർന്ന യോഗത്തിൽവച്ചാണെന്ന് ബന്ധപ്പെട്ട എല്ലാവരെയും അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.' ഇതാണ് മുമ്പുതന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴ് കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ പ്രവർത്തിച്ച് വന്നിരുന്നു. അവയ്ക്ക് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിൽ നിന്ന് ഉപദേശങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന പേരിലുള്ള പാർട്ടി 1925 ഡിസംബറിൽ കാൺപൂരിൽ നടന്ന മുകളിൽ പറഞ്ഞ യോഗത്തിൽ വച്ചാണ് രൂപീകൃതമായത്. അതിൽ അഞ്ഞൂറിൽപരം പ്രതിനിധികൾ പങ്കെടുത്തു. അതിൽ പ്രമുഖരായവർ കൽക്കട്ടയിൽ നിന്നുള്ള മുസാഫിർ അഹമ്മദ്, ബോംബെയിൽ നിന്നുള്ള എസ്.വി ഘാട്ടെ, ആർ.എസ് .നിംകാർ, എ.ബി .ബാഗർഘട്ട, ലാഹോറിൽ നിന്നുള്ള അബ്ദുൾ മജീദ്, മദ്രാസിൽ നിന്നുള്ള സി.കെ. അയ്യങ്കാർ, ശിങ്കാരു വേലു ചെട്ടിയാർ എന്നിവരായിരുന്നു.
1925 ഡിസംബറിൽ യോഗം നടക്കുമ്പോൾ എസ്.എ. ഡാങ്കേ, ഷൗക്കത്ത് ഉസ്മാനി എന്നിവർ ജയിലിലായിരുന്നു. 1925 ഡിസംബർ 28ന് ചേർന്ന പാർട്ടി എക്സിക്യുട്ടീവ് എസ്. വി . ഘാട്ടയെ ജനറൽ സെക്രട്ടറിമാരിൽ ഒരാളായി തിരഞ്ഞെടുത്തു. ഇവയെല്ലാം 1964 ന് മുമ്പ് പാർട്ടി ഒന്നായിരിക്കുമ്പോൾ സംഭവിച്ച കാര്യങ്ങളാണ്. 1964ൽ ഉണ്ടായ ഭിന്നിപ്പ് ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെയും ഇന്ത്യൻ വിപ്ലവത്തിന്റെയും താത്പര്യങ്ങളെ സംബന്ധിച്ച് നിർഭാഗ്യകരമായിരുന്നു. എന്നാൽ സോവിയറ്റ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ നടന്ന ആശയ സംഘട്ടനങ്ങളുടെ ഭാഗമായി അത് സംഭവിച്ചു.
വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങളുടെ വസ്തുനിഷ്ഠ വിശകലനമാണ് മാർക്സിസത്തിന്റെ പ്രത്യയശാസ്ത്ര വഴി. താഷ്കന്റ് യോഗത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് എഴുതിയ ലേഖനത്തിൽ സീതാറാം യെച്ചൂരി ഈ മൗലിക സത്യം എടുത്തുപറയുന്നുണ്ട്. പാർട്ടി രൂപീകരണം സംബന്ധിച്ച് 1964 ന് ശേഷം ഉയർന്നുവന്ന കാഴ്ചപ്പാടുകളും മാർക്സിസ്റ്റ് ചരിത്രാന്വേഷണത്തിന്റെ കണ്ണാടിയിലൂടെ വിലയിരുത്തപ്പെടാവുന്നതാണ്. അപ്പോൾ പരിഗണിക്കപ്പെടാവുന്ന ഒരു അടിസ്ഥാന പ്രശ്നം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടത് ഇന്ത്യയിലോ, വിദേശത്തോ എന്നതായിരിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടിയെ 'വിദേശി' എന്ന് മുദ്രകുത്താൻ ശത്രുവർഗം എന്നും നടത്തിവരുന്ന കുത്സിതശ്രമങ്ങളും ഇത്തരുണത്തിൽ മറക്കാവുന്നതല്ല.
താഷ്കെന്റ് യോഗത്തിൽ പങ്കെടുത്ത ഏഴ് പേരിൽ രണ്ടുപേർ വിപ്ലവങ്ങളിൽ ആകൃഷ്ടരായ രണ്ട് വിദേശികൾ ആയിരുന്നു എന്നത് ശത്രുക്കൾ പ്രചാരണായുധമാക്കിയേക്കാം.എന്നാൽ അതുകൊണ്ട് താഷ്ക്കന്റ് യോഗത്തിന്റെ ചരിത്രപ്രാധാന്യം കുറയുന്നില്ല. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിനായി 1925 ഡിസംബറിൽ കാൺപൂരിൽ ചേർന്ന യോഗം പൊടുന്നനെ പൊട്ടിവീണതല്ല. അതിൽ രാജ്യത്ത് പ്രവർത്തിച്ചുവന്ന ഏഴ് കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾക്കൊപ്പം താഷ്ക്കന്റിൽ രൂപംകൊണ്ട കമ്മ്യൂണിസ്റ്റ് ഗ്രൂപ്പും മഹത്തായ പങ്കാണ് വഹിച്ചത്. ആ പങ്കിനെ മാനിച്ചുകൊണ്ടായിരിക്കണം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ജന്മശതാബ്ദി 2025ൽ ആഘോഷിക്കേണ്ടത്. കമ്മ്യൂണിസ്റ്റ് ഐക്യമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ചർച്ചചെയ്യേണ്ട ആശയ - രാഷ്ട്രീയ - സംഘടന വിഷയങ്ങളോടൊപ്പം ഈ ചരിത്രവിഷയവും മുൻവിധി കൂടാതെ കൈകാര്യം ചെയ്യപ്പെടട്ടെ. ശ്രീനാരായണഗുരു പറഞ്ഞതുപോലെ ''വാദിക്കാനും ജയിക്കാനും വേണ്ടിയല്ല അറിയാനും അറിയിക്കാനും വേണ്ടിയുള്ള അവസരമായി ആ അന്വേഷണം വളരണം.'' സി.പി.ഐക്കും സി.പി.എമ്മിനും ഇവ രണ്ടിലും പെടാത്ത കമ്മ്യൂണിസ്റ്റുകാർക്കും മറ്റ് പുരോഗമന ശക്തികൾക്കും സഹായകമായ തരത്തിൽ ഈ ചർച്ച ശക്തിപ്പെടട്ടെ.
( ലേഖകൻ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവും രാജ്യസഭാ എം.പിയുമാണ്. )