കല്ലമ്പലം: കഴിഞ്ഞ ദിവസം പെയ്‌ത ശക്തമായ മഴയിൽ കല്ലമ്പലത്തും പരിസര പ്രദേശങ്ങളിലും വ്യാപക നാശം. അഞ്ച് വീടുകൾ തകർന്നു. നാവായിക്കുളം പറകുന്ന് 28ാം മൈൽ ജ്യോതി ഭവനിൽ ഗോപാലകൃഷ്‌ണൻ നായരുടെ ഓടിട്ട വീടിനു മുകളിൽ തെങ്ങ് കടപുഴകി രണ്ടു മുറികളും അടുക്കളയും തകർന്നു. സംഭവ സമയം ഗോപാലകൃഷ്‌ണൻ നായരും ഭാര്യ വസന്ത കുമാരിയമ്മയും ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു. ഇവർ മകളുടെ വീട്ടിലേക്ക് താമസം മാറി. പള്ളിക്കൽ കാഞ്ഞിരംവിള വീട്ടിൽ രഘുനാഥന്റെ ഷീറ്റിട്ട വീടും മഴയിലും കാറ്റിലും ഭാഗികമായി തകർന്നു. മടവൂർ അറുകാഞ്ഞിരം പുതുവൽ പുത്തൻ വീട്ടിൽ ബാദുഷയുടെ വീട് പൂർണമായും തകർന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഉറങ്ങികിടന്ന ബാദുഷയും ഭാര്യ ജുബൈരിയയും അദ്ഭുതകരമായി രക്ഷപ്പെട്ടു. കരവാരം പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ ഊറ്റുകുഴിയിൽ രാധയുടെയും കുന്നുവിള സിന്ധുവിന്റെയും വീടുകളും മഴയിൽ പൂർണമായി തകർന്നു. പ്രദേശങ്ങളിലെ കൃഷിയും വ്യാപകമായി നശിച്ചു.