പക്ഷി ലോകത്തെ ശബ്‌ദ കലാകാരൻമാരാണ് തത്തകൾ. ശബ്‌ദം അനുകരിക്കുന്നതും സംസാരിക്കുന്നതുമൊക്കെ പരിശീലനം ലഭിക്കുകയാണെങ്കിൽ ഭംഗിയായി അവതരിപ്പിക്കാൻ ഇക്കൂട്ടർക്കാവും. പൊതുവെ മിമിക്രിക്കാർ എന്ന പേരിലാണ് ചില തത്തകൾ ലോക പ്രശസ്‌തമായതെങ്കിൽ ഒരു റോക്ക് ഗായകൻ എന്ന നിലയിലാണ് 'വാൾഡോ' എന്ന ആഫ്രിക്കൻ ഗ്രേ പാരറ്റ് ശ്രദ്ധേയനാകുന്നത്.
അമേരിക്കയിലെ മേരിലാൻഡിലെ ബാൾട്ടിമോർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'ഹേറ്റ്ബീക്ക് ' എന്ന ഡെത്ത് മെറ്റൽ ബാൻഡിലെ പ്രധാന ഗായകനാണ് വാൾഡോ. വാൾഡോയ്ക്കൊപ്പം മറ്റു രണ്ടു പേർ കൂടി ബാൻഡിലുണ്ട്. ബാൻഡിന്റെ സ്ഥാപകരായ ബ്ലേക്ക് ഹാരിസണും മാർക്ക് സ്‌ലോവനും ആണത്. മാർക്ക് സ്‌ലോവൻ ബാൻഡിന്റെ ഗിറ്റാറിസ്‌റ്റും ബ്ലേക്ക് ഹാരിസൺ ഡ്രമ്മറുമാണ്. ഒരു പക്ഷിയെ പ്രധാന ഗായകൻ ആക്കുന്ന ലോകത്തെ ആദ്യത്തെ ബാൻഡാണ് ഹേറ്റ്ബീക്ക്.
രണ്ടു നായകൾ പ്രധാന ഗായകരായി എത്തുന്ന കാനിനസ് ഉൾപ്പെടെയുള്ള ബാൻഡുകളുമായി ചേർന്ന് ഈ മൂവർ സംഘം ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 2015ൽ പുറത്തിറങ്ങിയ ദ നമ്പർ ഒഫ് ദ ബീക്ക് എന്ന ആൽബമാണ് വാൾഡോയെ പ്രസിദ്ധനാക്കിയത്. റെപ്‌റ്റൈലിയൻ റെക്കാഡ്സ് എന്ന കമ്പനിയ്‌ക്ക് വേണ്ടിയാണ് ഹേറ്റ്ബീക്ക് ബാൻഡ് കരാറിലേർപ്പെട്ടിരിക്കുന്നത്.
ലോകത്തെ ഏക ചിറകുകളുള്ള ഹെവി മെറ്റൽ റോക്കർ ആയ വാൾഡോയ്‌ക്ക് അപകടങ്ങൾ ഒഴിവാക്കാനായി ബാൻഡ് സംഘം വിദേശപര്യടനങ്ങൾ നടത്താറില്ല. വാഴപ്പഴവും ചിപ്‌സുകളുമാണ് 25കാരനായ വാൾഡോയ്‌ക്ക് ഏറ്റവും ഇഷ്‌ടം.