lady-birth-to-44-children

ലണ്ടൻ: വയസ് നാൽപ്പത്. ഇൗ പ്രായത്തിനിടെ പെറ്റുവളർത്തിയത് നാൽപ്പത്തിനാല് കുട്ടികളെ. ഉഗാണ്ടക്കാരി മറിയം നബാതാൻസിയാണ് ഈ വലിയ അമ്മ. കുട്ടികളുടെയും പ്രസവത്തിന്റെയും എണ്ണം കൂടിയതോടെ നബാതാൻസിക്ക് പ്രസവ വിലക്കേർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. വിലക്കുലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്.

പന്ത്രണ്ടാം വയസിൽ വയസറിയിച്ച ഉടനായിരുന്നു വിവാഹം. ഒരു വർഷം തികഞ്ഞപ്പോൾ ആദ്യത്തെ പ്രസവം. ഇരട്ടക്കുട്ടികളായിരുന്നു. രണ്ടുവർഷം കഴിഞ്ഞപ്പോൾ അടുത്ത പ്രസവം. ഇതിൽ ജനിച്ചത് മൂന്നുകുട്ടികൾ. രണ്ടുവർഷത്തിനുശേഷം മൂന്നാമത്തെ പ്രസവം. ഇതിൽ കുട്ടികൾ നാല്. 2016ലായിരുന്നു അവസാന പ്രസവം.

ഒരു പ്രസവത്തിൽ മൂന്നു കുട്ടികൾ വീതം നാലു പ്രാവശ്യവും, നാലു കുട്ടികൾ വീതം മൂന്നു പ്രാവശ്യവും നാലുപ്രാവശ്യം ഇരട്ടകളും ജനിച്ചിട്ടുണ്ട്.ലോകത്ത് പ്രസവിക്കാൻ ഏറ്റവുമധികം കഴിവുള്ള സ്ത്രീ എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ നബാതാൻസിക്ക് നൽകുന്ന വിശേഷണം.

നാൽപ്പത്തിനാലുകുട്ടികളെ പ്രസവിച്ചെങ്കിലും ഇപ്പോൾ മുപ്പത്തിയെട്ടുപേർ മാത്രമാണ് ജീനവനോടെയുള്ളത്.

നബാതാൻസിയുടെ ഭർത്താവ് ഇപ്പോൾ അവർക്കൊപ്പമില്ല. മക്കളെ പുലർത്താൻ അവർ ചെയ്യാത്ത ജോലികളില്ല. എന്തുചെയ്താലും കുഴപ്പമില്ല കുട്ടികളെ മാനംമര്യാദയ്ക്ക് വളർത്തണം എന്നതുമാത്രമാണ് നബാതാൻസിയുടെ ലക്ഷ്യം. മക്കൾക്ക് സാധാരണ കുട്ടികളെപ്പോലെ വിദ്യാഭ്യാസവും ആഹാരവും ഒക്കെ നൽകാൻ ഇപ്പോൾ കഴിയുന്നുണ്ട്. പക്ഷേ, ഇങ്ങനെ എത്രനാൾ മുന്നോട്ടുപോകുമെന്നറിയില്ല.കാര്യമായ ഒരു സഹായവും എങ്ങുനിന്നും ലഭിക്കുന്നില്ല- നബാതാൻസി പറയുന്നു.

കുട്ടികളുടെയും അമ്മയുടെയും ആരോഗ്യത്തെ ബാധിക്കും എന്നതിനാലാണ് പ്രസവത്തിന് വിലക്കേർപ്പെടുത്തിയതെന്നാണ് അധികൃതർ പറയുന്നത്.