കല്ലമ്പലം: ദേശീയ പാതയിൽ ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ നടക്കുന്ന നാവായിക്കുളം പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസിന്റെ സേവനം രാത്രിയിൽ ലഭിക്കുന്നില്ലെന്ന് പരാതി. രാത്രിയിൽ അപകടങ്ങളിൽപ്പെടുന്നവരെയും, രോഗികളെയും മറ്റും ആശുപത്രികളിൽ എത്തിക്കാൻ ഇതുമൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്നു. മുമ്പ് മുഴുവൻ സമയവും പ്രവർത്തിക്കുന്ന 108 ആംബുലൻസ് ഉണ്ടായിരുന്നുവെങ്കിലും പിന്നീടിത് പിൻവലിച്ചു. തുടർന്ന്‍ നീണ്ട ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാന സർക്കാരിന്റെ കനിവ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുമാസം മുമ്പൊരു 108 ആംബുലൻസ് നാവായിക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് അനുവദിച്ചത്. നാവായിക്കുളം, കല്ലമ്പലം, കടമ്പാട്ടുകോണം നിവാസികൾക്ക് ഏറെ സഹായകരമാണ് ഈ ആംബുലൻസ്. 108 ആംബുലൻസിന്റെ സേവനം നാവായിക്കുളത്ത് രാവിലെ 8 മുതൽ രാത്രി 8 വരെ മാത്രമേ ലഭിക്കുന്നുള്ളൂ. ഇവിടെ രാത്രിയിൽ മറ്റ് സ്വകാര്യ ആംബുലൻസുകളുടെ സേവനവും വളരെക്കുറച്ച് മാത്രമേ ഉണ്ടാകാറുള്ളൂ. ഇക്കാരണത്താൽ രാത്രിയിൽ അപകടങ്ങളിൽപ്പെടുന്നവരെയും, രോഗം മൂർച്ഛിക്കുന്നവരെയും മറ്റ് ആശുപത്രികളിലെത്തിക്കാൻ ഏറെ പ്രയാസമാണെന്നും നാട്ടുകാർ പറയുന്നു. എം പി ഫണ്ടിൽ നിന്ന് അനുവദിച്ച മറ്റൊരു ആംബുലൻസ് പി.എച്ച്.സി യിലുണ്ടെങ്കിലും ഇത് കിലോമീറ്ററിന് 15 രൂപ വച്ച് ഈടാക്കുന്നത് സാധാരണക്കാർക്ക് താങ്ങാനാകുന്നില്ല. മിക്കയിടത്തും കനിവ് 108 ആംബുലൻസ് മുഴുവൻ സമയവും പ്രവർത്തിക്കുമ്പോൾ നാവായിക്കുളത്ത് പ്രവർത്തനം 12 മണിക്കൂർ മാത്രമാണ്. നാവായിക്കുളത്ത് 108 ആംബുലൻസിന്റെ സേവനം നിലവിൽ 12 മണിക്കൂർ ആണെന്നും ആവശ്യകത വർദ്ധിച്ചാൽ പ്രവർത്തനസമയം നീട്ടുമെന്നുമാണ് ആംബുലൻസ് സർവീസ് അധികൃതരിൽ നിന്നും ലഭിച്ച വിവരം.