വർക്കല: കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിൽ നിന്നു വർക്കലയിലേക്കുള്ള ചെയിൻ സർവീസുകൾ നിറുത്തലാക്കുന്നു. കിളിമാനൂർ ഡിപ്പോയിൽ നിന്നുള്ള പത്ത് ചെയിൻ സർവീസുകളിൽ ആറെണ്ണം ഏതാനും ദിവസം മുമ്പ് നിറുത്തലാക്കിയിരുന്നു. അതിനു പിന്നാലെ ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് വർക്കലയിലേക്കുള്ള ഏഴ് സർവീസുകൾ ഇന്നലെ നിറുത്തലാക്കി. ആകെ 12 ചെയിൻ സർവീസുകളാണ് ആറ്റിങ്ങൽ, കല്ലമ്പലം, വർക്കല റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. അഞ്ചെണ്ണം മാത്രമെ ഇന്നലെ ഓടിയുള്ളു. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു കിളിമാനൂർ- മടവൂർ -പാരിപ്പള്ളി - നടയറ - വർക്കല റൂട്ടിൽ പത്ത് ചെയിൻ സർവീസുകൾ ആരംഭിച്ചത്. പത്ത് ബസുകൾ 80 ട്രിപ്പുകളാണ് നടത്തിയിരുന്നത്. ഏറെക്കാലം മുമ്പാണ് ആറ്റിങ്ങൽ - വർക്കല റൂട്ടിൽ ചെയിൻ സർവീസ് തുടങ്ങിയത്. വരുമാനം കുറഞ്ഞ സർവീസുകളാണ് നിറുത്തി വയ്ക്കുന്നതെന്ന് ഡിപ്പോ അധികൃതർ പറയുന്നുണ്ടെങ്കിലും സ്വകാര്യ മേഖലയെ സഹായിക്കാനാണ് ഇതെന്ന് ആക്ഷേപമുണ്ട്.