നെയ്യാറ്റിൻകര: ഭൂമിയെ ജലസമൃദ്ധമാക്കുന്ന കണ്ടൽക്കാടുകൾ വിസ്മൃതിയിലാകുന്നു. ഭൂമി തുച്ഛമായ വിലയ്ക്ക് വാങ്ങി മണ്ണിട്ട് നികത്തി ഉയർന്ന വിലയ്ക്ക് വില്കുന്നവരാണ് കണ്ടലുകൾക്ക് ഭീഷണിയുയർത്തുന്നത്. ഇത്തരത്തിൽ മണ്ണിട്ട് നികത്തുന്നവർ കണ്ടലുകൾവെട്ടിത്തെളിക്കുകയും മണ്ണിട്ട് മൂടുകയും ചെയ്യുന്നത് വ്യാപകമാകുകയാണ്. നെയ്യാറ്റിൻകര ടൗൺ മേഖലയിൽ ജല സാന്നിദ്ധ്യമുറപ്പിക്കുന്ന നെയ്യാർ തീരപ്രദേശത്തെ കണ്ടൽക്കാടുകളും നശിപ്പിക്കുന്നത് വരൾച്ചയെ ക്ഷണിക്കുന്നതിന് തുല്യമാണ്.
ഭൗമോപരിതലത്തിലെ ജലത്തിന്റെ സംതുലനാവസ്ഥ നിലനിറുത്തുന്നതിനും ഉപരിതലത്തിലെ നീരൊഴുക്ക് സുഗമമാക്കാനും കണ്ടലുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇവ സംഭരിച്ചുവയ്ക്കുന്നനീരുറവകളാണ് വേനൽക്കാലത്ത് പോലും ടൗൺ പ്രദേശത്തെ ജലസമൃദ്ധമാക്കുന്നത്. ഇവ കൂടി ഇല്ലാതായാൽ വരും നാളുകളിൽ നെയ്യാറും പരിസരവും ഊഷര ഭൂമിയാകും. ഈ കണ്ടലിനേയും നെയ്യാറിനേയും ബന്ധിപ്പിക്കുന്ന ഒരു തോടുണ്ട്. ഇതുവഴി ഇവിടെ കെട്ടി നിൽക്കുന്ന ജലം നെയ്യാറിലേക്ക് ഒഴുകിപ്പോകും.
തോടിന്റെ ഇരുകരകളേയും ബന്ധിപ്പിച്ച് നെയ്യാറ്റിൻകര നഗരസഭ ഒരു കലുങ്കും പണിതിട്ടുണ്ട്. മഴ വെള്ളമിറങ്ങിയാൽ പിന്നെ കണ്ടൽക്കാട് കൃഷിയിടമായി മാറും. വാഴ, പച്ചക്കറി, മരിച്ചീനി എന്നിവ ഇവിടെ കൃഷി ചെയ്യുന്നു. അതുകൊണ്ട് തന്നെ സമീപവാസികൾക്ക് കണ്ടൽക്കാട് ഒരു അനുഗ്രഹവുമാണ്.
എന്നാൽ അടുത്തിടെ ഈ പ്രദേശത്തെ കണ്ണ് നട്ട് ഭൂമിവാങ്ങിവില്കുന്ന സംഘങ്ങളെത്തിയതോടെ നാട്ടുകാർക്ക് കഷ്ടകാലം തുടങ്ങി. കണ്ടലിലെ ജലം ഒഴുകിപ്പോകുന്ന തോട് അടച്ച് അടുത്തിടെ നഗരസഭയുടെ കലുങ്കുമായി ചേർത്ത് മതിൽ കെട്ടിയതോടെ കണ്ടലിൽ നിന്നുള്ള നീരൊഴുക്കിന്റെ താളം തെറ്റിച്ചു.
നിയമം നോക്കുകുത്തി
കെട്ടിടനിർമ്മാണ ചട്ടങ്ങളൊക്കെ മറി കടന്ന് ഇവിടെ കെട്ടിട നിർമ്മാണം തുടങ്ങിയതോടെ നെയ്യാറ്റിൻകരയുടെ ജലസ്രോതസിനും അന്ത്യമായിത്തുടങ്ങി. കണ്ടൽക്കാടുകൾ നികത്താൻ പാടില്ലെന്നിരിക്കെ ഇവിടെ കെട്ടിടം നിർമ്മിക്കാനുള്ള അനുമതി അധികൃതർ നൽകിയതാണ് നാട്ടുകാരെ ആശ്ചര്യപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ നാട്ടുകാർ സംഘടിച്ച് ജില്ലാകളക്ടർ വരെയുള്ള അധികാരികൾക്ക് നിവേദനം നൽകിയിരിക്കുകയാണ്. മറ്റൊരു പ്രധന കണ്ടൽപ്രദേശമാണ് നിലമേൽകണ്ടൽകാടുകൾ. ഇവിടേയും വൻകിട ഭൂമാഫിയകൾ തുണ്ടുഭൂമികൾ വാങ്ങിക്കൂട്ടിയതും നാട്ടുകാരിൽ ആശങ്കയുയർത്തിയിട്ടുണ്ട്.
ടൗണിലെ പ്രധാന കണ്ടൽകാട് നെയ്യാർ തീരത്ത് നഗരസഭിയിലെ ഫോർട്ട് വാർഡിൽ സ്ഥിതി ചെയ്യുന്ന അഞ്ചേക്കർ ഭൂമിയാണ്. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനും നെയ്യാറിനും ഇടയ്ക്കുള്ള ഭൂ പ്രദേശമാണ് ഈ കണ്ടൽ. നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ നിന്നും ഒഴുക്കി വിടുന്ന ജലവും നേരെ ചെന്നെത്തുന്നത് ഈ കണ്ടൽ പ്രദേശത്തേക്കാണ്.
ഈ കണ്ടൽക്കാടുകളിലെ ജലം നേരെ ഒഴുകിയെത്തുന്നത് നെയ്യാറിലേക്കാണ്.
നെയ്യാറ്റിൻകരയിലെ കണ്ടൽ പ്രദേശങ്ങളെ കുറിച്ച് സമഗ്രമായ പഠനം വേണം.
ഗ്രാമം പ്രവീൺ (നഗരസഭാ കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവ്)
80 രാജ്യങ്ങൾ 14 ദശലക്ഷം ഹെക്ടർ കണ്ടൽക്കാടുകൾ
കേരളത്തിൽ കണ്ടൽക്കാടുകൾ മുൻപ്: 700 ച. കി.മീ
ഇന്ന് : 17 ച .കി മീ
ഇന്ത്യയിൽ: 6740 ച.കിലോമീറ്റർ
സങ്കീർണ്ണമായ ആവാസവ്യസ്ഥകൾ ആണ് കണ്ടൽകാട് (Mangrove forest). കണ്ടൽമരങ്ങളും അവയുടെ കൂടെ വളരുന്ന കണ്ടലിതര സസ്യങ്ങളും ഇപ്രദേശങ്ങളിൽ ഇടതിങ്ങി വളരുന്നു. പുഴയും കടലും ചേരുന്നിടത്തുള്ള ഉപ്പു കലർന്ന വെള്ളത്തിൽ വളരുന്നു.
വേലിയേറ്റ സമയത്ത് ജലാവൃതമായും വേലിയിറക്ക സമയത്ത് അനാവൃതവുമായ അന്തരീക്ഷവുമായി ബന്ധപ്പെടുന്ന തണ്ണീർത്തടങ്ങളിലെ ചതുപ്പു നിലങ്ങളിലാണ് കണ്ടൽക്കാടുകൾ വളരുന്നത്.മത്സ്യ സമ്പത്ത് ഏറെക്കൂടുതലാണ്.
കണ്ടൽ കാടുകളിൽ പ്രധാനമായും 3 സസ്യങ്ങളേയും കാണാം.ചൂരൽ,പൂക്കൈത,ഒതളം
എന്നിവയാണവ. ദേശാടനത്തിനായി എത്തുന്ന കൊക്കുവർഗ്ഗത്തിൽ പെടുന്ന പക്ഷികളിൽ മിക്കതും പ്രജനനത്തിനായി കണ്ടൽവനങ്ങളെ തിരഞ്ഞെടുക്കുന്നു. നീർപക്ഷികളായ ചെന്നെല്ലിക്കോഴി,കുളക്കോഴി,ചിന്നക്കൊക്ക്,മഴക്കൊച്ച, കരിങ്കൊച്ച
മുതലായ പക്ഷികളെ കണ്ടൽക്കാടുകളിൽ സ്ഥിരമായി കാണാം.നീർക്കാക്ക,കുളക്കോഴി,പാതിരാക്കൊക്ക് ,ചേരക്കോഴികൾ
മുതലായവയാകട്ടെ കണ്ടൽക്കാടുകളിലാണ് കൂട്ടമായ് ചേക്കയേറുന്നതും, കൂടുകെട്ടി അടയിരിക്കുന്നതും.