പാലോട്: മുപ്പത്തിരണ്ട് കോടി ചെലവിട്ട് ഏഴു വർഷം മുൻപ് തുടങ്ങിയ റോഡ് പണി ഇതുവരെ എങ്ങുമെത്തിയിട്ടില്ല. പാലോട് നിന്നും ആരംഭിച്ച് കാരേറ്റ് അവസാനിക്കുന്ന വിധത്തിലായിരുന്നു റോഡ് നിർമ്മാണം. തകർന്നു തരിപ്പണമായ റോഡ് നവീകരിക്കണമെന്ന നാട്ടുകാരുടെ നിരന്തര സമരത്തെ തുടർന്നാണ് പണി ആരംഭിച്ചത്. ഏഴു വർഷങ്ങൾക്ക് മുൻപ് ഇരുവശങ്ങളും ഇടിച്ചു നിരത്തി തുടങ്ങിയ പണി കരാറുകാരന്റെ മെല്ലെ പോക്ക് കാരണം പൂർത്തിയായിട്ടില്ല. നിർമ്മാണ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കേ മുപ്പത് ശതമാനം പണി പോലും പൂർത്തിയായിട്ടില്ല.
ഈ റോഡ് നിർമ്മാണത്തെ പറ്റി നാട്ടുകാർ നൂറിലധികം പരാതികൾ വകുപ്പുതലത്തിലും വിജിലൻസിനും നൽകിയിട്ടുണ്ട്. ഒപ്പം നിർമ്മാണം നീട്ടികൊണ്ട് പോകുന്നത് കരാർ പുതുക്കാൻ വേണ്ടിയാണെന്ന ആക്ഷേപവും. അധികൃതർ അടിയന്തിരമായി നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിച്ച് നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ് നിർമ്മാണത്തിലെ അപാകതയെ പറ്റി വ്യാപകമായ പരാതി ഉയർന്നതിന്റെ പശ്ചാത്തലത്തിൽ അന്വേഷണം നടത്താൻ മന്ത്രി ജി. സുധാകരൻ ഉത്തരവിട്ടു.