health

പരമ്പരാഗത ജീവിതശൈലിയിലും ആഹാരക്രമത്തിലും വന്ന മാറ്റം കൊണ്ട് ആധുനിക സമൂഹത്തിലെ ഭൂരിപക്ഷവും രക്തസമ്മർദ്ദത്തിന്റെ പിടിയിലാണ്. ആഹാരശൈലിയും, ജീവിതശൈലിയും ക്രമപ്പെടുത്തിയാൽ അധിക രക്തസമ്മർദ്ദം ഒരു പരിധി വരെ നിയന്ത്രിക്കാവുന്നതാണ്.

രക്തസമ്മർദ്ദം രേഖപ്പെടുത്തുന്നത് രണ്ട് നമ്പരുകളിലാണ്. സിസ്റ്റോലിക്കും, ഡയസ്‌റ്റോലിക്കും. ഹൃദം ചുരുങ്ങി രക്തധമനികളിലേക്കുള്ള രക്തം തള്ളിവിടുമ്പോൾ ചെലുത്തുന്ന സമ്മർദ്ദത്തിനാണ് സിസ്റ്റോലിക്ക് രക്തസമ്മർദ്ദമെന്നു പറയുന്നത്. ഹൃദയം വിശ്രമിക്കുമ്പോഴുള്ള സമ്മർദ്ദത്തിനാണ് ഡയസ്‌റ്റോലിക് രക്തസമ്മർദ്ദമെന്നു പറയുന്നത്. ഓരോരുത്തരും നിലനിറുത്തേണ്ട രക്തസമ്മർദ്ദ പരിധിയും ഡോക്ടറോട് / ഫാർമസിസ്റ്റിനോട് ചോദിച്ചു മനസിലാക്കേണ്ടതാണ്.

ഉറക്കക്കുറവ്, മാനസിക സമ്മർദ്ദ തുടങ്ങിയവ ഉണ്ടാകുമ്പോഴും രക്തസമ്മർദ്ദം വർദ്ധിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രണമില്ലാതെ ഉയരുകയും രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുകയും ചെയ്താൽ സ്ട്രോക്കിനും വൃക്കരോഗങ്ങൾക്കും കാരണാകും. തെറ്റായ ജീവിതശൈലികൾ കൊണ്ടുണ്ടാകുന്ന, നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രക്തസമ്മർദ്ദം ശ്രദ്ധിച്ചാൽ അകറ്റിനിറുത്താവുന്നതാണ്. രക്തസമ്മർദ്ദത്തിന് ഔഷധങ്ങൾ കഴിക്കുകയും ഇടയ്ക്ക് രക്തസമ്മർദ്ദം പരിശോധിക്കേണ്ടതുമാണ്.

ശ്രദ്ധിക്കാൻ

1. ഉപ്പിന്റെ ഉപയോഗം ദിനംപ്രതി ആറു ഗ്രാമിൽ താഴെ ആയിരിക്കുവാൻ ശ്രദ്ധിക്കുക.

2. പുകയില ഉപയോഗം ഒഴിവാക്കുക.

3. ദിനംപ്രതി അരമണിക്കൂർ കുറയാതെ പടി കയറുക, വേഗത്തിൽ നടക്കുക തുടങ്ങിയ വ്യായാമങ്ങളിൽ ഏർപ്പെടുക.

4. ശരീരഭാരം ക്രമപ്പെടുത്തുക. ഓരോരുത്തരും നിലനിറുത്തേണ്ട ശരീരഭാരം എത്രയെന്ന് ആരോഗ്യമേഖലയിലെ വിദഗ്ദ്ധരിൽ നിന്നും പ്രത്യേകം മനസിലാക്കുക.

5. എണ്ണയിൽ വറുത്ത വസ്തുക്കൾ, ഡ്രൈ മീറ്റ്, ബേക്കറി സാധനങ്ങൾ, മായം കലർന്ന വസ്തുക്കൾ, അച്ചാറുകൾ തുടങ്ങിയവ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും കൂടുതലുള്ള ആഹാരം ശീലമാക്കുക.

6. യോഗ, ധ്യാനം, പ്രാർത്ഥന, വിനോദം, ക്രിയാത്മക ചിന്ത തുടങ്ങിയ വഴി ടെൻഷൻ ഒഴിവാക്കുക.

7. മദ്യപാനം പൂർണമായി ഒഴിവാക്കുക.

രക്തസമ്മർദ്ദം കുറഞ്ഞാലും പ്രശ്നമാണ്. കാരറ്റ് ജ്യൂസ്, മാതളനാരങ്ങ ജ്യൂസ്, ഉണക്കമുന്തിരി, ബീറ്റ്‌റൂട്ട് ജ്യൂസ്, തുളസിയില ചായ എന്നിവ രക്തസമ്മർദ്ദം കുറഞ്ഞിരിക്കുന്നവർക്ക് ഉപയോഗിക്കാൻ ഉത്തമമാണ്.