
മത്സര സംഘാടകരുടെ പിഴവ് ഒന്നുകൊണ്ടുമാത്രമാണ് അഫീൽ ജോൺസൺ എന്ന പ്ളസ് ടു വിദ്യാർത്ഥി പതിനാറാം വയസിൽ ഈ ലോകത്തോടു വിടപറയേണ്ടി വന്നത്. മാതാപിതാക്കളുടെ ഏക സന്താനമായിരുന്നു ഫുട്ബാൾ കമ്പക്കാരനായ ആ കുട്ടി. പാലായിൽ നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഇക്കഴിഞ്ഞ ഒക്ടോബർ നാലിന് ഹാമർ തലയിൽ തട്ടി ഗുരുതരമായി പരിക്കേറ്റ അഫീൽ അന്നുമുതൽ ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുകയായിരുന്നു. ഇടയ്ക്ക് നേരിയ പ്രതീക്ഷ ജനിപ്പിച്ചെങ്കിലും സുഖപ്പെടുത്താനാകാത്ത വിധം തലയ്ക്കേറ്റ പരിക്ക് ഗുരുതര സ്വഭാവത്തിലുള്ളതായതിനാൽ അഫീൽ മടങ്ങിവന്നില്ല. കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന അഫീൽ പുറത്തു നടക്കുന്നതൊന്നും അറിയാതെ തിങ്കളാഴ്ച വൈകിട്ട് അവസാനമായി കണ്ണടയ്ക്കുമ്പോൾ കായിക മത്സര നടത്തിപ്പുകാർ എത്ര അലക്ഷ്യമായിട്ടാണ് ഇത്തരം മേളകൾ സംഘടിപ്പിക്കുന്നതെന്ന് ബോദ്ധ്യമാകും. ത്രോ ഇനങ്ങളിൽപ്പെട്ട മത്സരങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ വ്യക്തമായി എഴുതിവച്ചിട്ടുള്ളതാണ്. ലക്ഷ്യം തെറ്റി പായുന്ന ഹാമറും ജാവലിനും വലിയ അപകടത്തിനും ജീവഹാനിക്കും വരെ കാരണമാകാം. അതുകൊണ്ടാണ് ഇത്തരം മത്സരങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ വ്യക്തമായി എഴുതിവച്ചിട്ടുള്ളത്. പാലായിൽ അരങ്ങേറിയ സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ നിബന്ധനകൾ പലതും സൗകര്യപൂർവം ഒഴിവാക്കിയാണ് സംഘടിപ്പിച്ചതെന്ന വിവരം അഫീലിനു നേരിട്ട അപകടത്തിനുശേഷം പുറത്തുവന്നിട്ടുണ്ട്. ഹാമർ ത്രോ മത്സരവും ജാവലിൻ ത്രോയും അടുത്തടുത്താണ് നടന്നത്. വോളന്റിയറായി നിയോഗിക്കപ്പെട്ട അഫീൽ ജാവലിൻ എടുക്കാനായി ഗ്രൗണ്ടിലേക്കു പോകുന്നതിനിടെയായിരുന്നു തൊട്ടടുത്ത ത്രോ സോണിൽ നിന്ന് ഒരു പെൺകുട്ടി എറിഞ്ഞ ഹാമർ തലയിൽ പതിച്ച് അപകടമുണ്ടായത്. രണ്ട് മത്സരങ്ങൾ അടുത്തടുത്തായി നടത്തരുതെന്ന് ചട്ടമുള്ളപ്പോഴാണ് സമയം ലാഭിക്കാൻ വേണ്ടി സംഘാടകർ രണ്ടും ഒരേസമയത്ത് സംഘടിപ്പിച്ചതത്രേ. മത്സര സംഘാടകർക്കു സംഭവിച്ച ഗുരുതരമായ വീഴ്ച ജീവിതത്തിന്റെ എത്രയോ സൗഭാഗ്യങ്ങൾ പിന്നിടേണ്ട ഒരു കുട്ടിയുടെ വിലപ്പെട്ട ജീവനാണ് അപഹരിച്ചത്. മത്സരങ്ങൾ സംഘടിപ്പിക്കാൻ നിയുക്തരാകേണ്ട കായികാദ്ധ്യാപകരുടെ അഭാവവും പാലാ ജൂനിയർ മീറ്റിന്റെ നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ച വിവരം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കായികാദ്ധ്യാപകരുടെ സംഘടനയുടെ ആഹ്വാന പ്രകാരം അവർ ചട്ടപ്പടി സമരത്തിലായിരുന്നു. ചുരുക്കം കായികാദ്ധ്യാപകരേ മീറ്റ് സംഘടിപ്പിക്കാൻ എത്തിയിരുന്നുള്ളൂ. അഫീൽ വോളന്റിയർ വേഷം കെട്ടേണ്ടി വന്നതുതന്നെ കായികാദ്ധ്യാപകരുടെ കുറവു കാരണമാണ്. സാധാരണഗതിയിൽ ഗ്രൗണ്ടിലെ ഇത്തരം ചുമതലകൾ നിർവഹിക്കുന്നത് കായികാദ്ധ്യാപകരാണ്.
കായിക മത്സരങ്ങൾക്കിടെ അപകടങ്ങൾ ഇതാദ്യമൊന്നുമല്ലെന്നു പറയാമെങ്കിലും പല മുൻ അനുഭവങ്ങളുടെയും പശ്ചാത്തലത്തിൽ അവ ഒഴിവാക്കാൻ പര്യാപ്തമായ മാർഗനിർദ്ദേശങ്ങൾ മുന്നിലുള്ളപ്പോഴാണ് കളിക്കളത്തിലെ അപകടത്തിൽ അഫീലിന് ജീവൻ നൽകേണ്ടിവന്നതെന്നത് ലഘുവായി കാണാനാവില്ല. കായിക മേഖലയെ സ്നേഹിക്കുകയും കായിക നേട്ടങ്ങളിൽ അഭിമാനം കൊള്ളുകയും ചെയ്യുന്ന മുഴുവൻ ആളുകളും ഒന്നാകെ ഈ 'കൊലപാതക"ത്തിനെതിരെ ശക്തമായിത്തന്നെ പ്രതികരിക്കണം. കേവലം ഒരു അപകടമായി വിലയിരുത്തി മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് ഏതാനും ലക്ഷങ്ങൾ ഭിക്ഷയായി നൽകി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആരെയും അനുവദിക്കരുത്. മനഃപൂർവമല്ലാത്ത നരഹത്യാ വകുപ്പ് ചേർത്ത് പൊലീസ് കേസെടുത്തതു കൊണ്ടു മാത്രമായില്ല. മനഃപൂർവമായാലും അല്ലെങ്കിലും പച്ച ജീവനോടെയിരുന്ന ഒരു വിദ്യാർത്ഥിയാണ് കായികമത്സര സംഘാടകരുടെ മനഃപൂർവമായ അനാസ്ഥ കൊണ്ടു മാത്രം പിടഞ്ഞു മരിക്കേണ്ടിവന്നത്. കുടുംബത്തിലെ ഏക സന്താനം ഇതുപോലെ ഒരു ദിവസം വിട്ടുപോകുമ്പോൾ ഉണ്ടാകാവുന്ന ദാരുണാനുഭവം വാക്കുകൾക്കതീതമാണ്. എത്ര തുക 'നഷ്ടപരിഹാര"മായി നൽകിയാലും ശമിപ്പിക്കാവുന്നതല്ല ആ കുടുംബത്തിന്റെ പുത്രദുഃഖം. പൊലീസ് എടുക്കുന്ന കേസ് വീഴ്ച വരുത്തിയ സകലരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ളതു തന്നെയാകണം. ചുമതലാരാഹിത്യം കാണിച്ചവർ ശിക്ഷിക്കപ്പെട്ടാൽ മാത്രമേ ഭാവിയിൽ ഇതുപോലുള്ള ദുരന്തങ്ങൾ തടയാനാകൂ. സംസ്ഥാനത്ത് മുൻപ് നടന്നിട്ടുള്ള ഇതുപോലുള്ള കായികാപകടങ്ങളുമായി ബന്ധപ്പെട്ട് അധികമാരും ശിക്ഷിക്കപ്പെട്ടതായി കേട്ടിട്ടില്ല. അതുകൊണ്ടാണ് കായിക മത്സര നടത്തിപ്പുകളിൽ ഇത്രയേറെ അരാജകത്വം നടമാടുന്നത്. കായിക സമിതികളിൽ കയറിപ്പറ്റാൻ ഉന്തും തള്ളും നടത്തുമ്പോൾ കസേര കിട്ടുന്നതോടെ കുട്ടികളുടെ താത്പര്യമൊന്നും നോക്കാറില്ല. അവർക്കെല്ലാം സ്വന്തം താത്പര്യങ്ങളാണ് വലുത്. കുട്ടികളെ മത്സരങ്ങൾക്കയച്ചില്ലെങ്കിലും തങ്ങൾക്ക് എങ്ങനെ അവിടങ്ങളിൽ ചെന്നെത്താമെന്നാണ് പലരും നോക്കാറുള്ളത്. ഇവിടെ മാത്രമല്ല ദേശീയ തലത്തിലും ഇതാണു സ്ഥിതി. ഒളിമ്പിക്സ് പോലുള്ള വലിയ മേളകളിൽ നൂറു കായിക താരങ്ങൾക്ക് അകമ്പടിയായി നൂറ്റൻപതു ഒഫിഷ്യലുകൾ പോകുന്നത് പതിവു കാഴ്ചയാണ്. വിവിധ സ്ഥലങ്ങളിൽ മീറ്റിനായി പോകുന്ന വിദ്യാർത്ഥികൾക്ക് മതിയായ യാത്രാസൗകര്യം ഒരുക്കുന്നതിൽ പോലും വലിയ വീഴ്ചയാണു കാണുന്നത്. വലിയ നേട്ടങ്ങൾ കൊണ്ടുവരുമ്പോൾ മാത്രമാണ് കായിക പ്രതിഭകളെ ആദരിക്കണമെന്നെങ്കിലും തോന്നാറുള്ളത്.
അഫീലിന്റെ അകാല വേർപാടിൽ ദുഃഖത്തിന്റെ നിലയില്ലാക്കയത്തിൽ വീണുപോയ കുടുംബത്തെ ആശ്വസിപ്പിക്കുക അത്ര എളുപ്പമല്ല. ഇതുപോലുള്ള അനുഭവം ഇനി ഒരു കുട്ടിക്കും ഉണ്ടാകരുതെന്ന് ഉറപ്പുവരുത്താൻ സർക്കാർ മുന്നോട്ടു വരണം. അതുപോലെ പണം നൽകി തീർക്കാവുന്ന നഷ്ടമല്ല ആ കുടുംബത്തിനുണ്ടായതെന്ന് അറിയാമെങ്കിലും സർക്കാർ ഈ വിഷയത്തിൽ അതിന്റെ കടമ നിറവേറ്റുക തന്നെ വേണം.