heavy-rain

തിരുവനന്തപുരം: പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റം കാലാവസ്ഥാ പ്രവചനത്തെ ദുഷ്കരമാക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്‌ടർ കെ.സന്തോഷ്. കാലാവസ്ഥയിൽ ഉണ്ടാകുന്ന ഏതൊരു മാറ്റവും അപ്രതീക്ഷിതമായി മഴ പെയ്യാൻ കാരണമാകുന്നുണ്ട്. ചെറിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ സമയം വർദ്ധിച്ച അളവിൽ മഴ ലഭിക്കുന്ന പ്രതിഭാസം ഈയിടെയായി കണ്ടുവരുന്നു. പ്രകൃതിയെ വലിയ രീതിയിൽ ചൂഷണം ചെയ്യുന്നുണ്ട്. കഴിഞ്ഞവർഷം പ്രളയം ഉണ്ടായപ്പോൾ ഈ വിഷയം കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കിയിരുന്നു. പശ്ചിമഘട്ട മലനിരകൾക്ക് സംഭവിച്ച ഭൗമശാസ്ത്രപരമായ മാറ്റങ്ങൾ ഇതിന് കാരണമായിട്ടുണ്ട്. കെ. സന്തോഷ് 'ഫ്ളാഷി'നോട് സംസാരിക്കുന്നു:

മുൻപുണ്ടായിരുന്നതിൽ വിഭിന്നമാണ്‌ ഇപ്പോൾ കാലാവസ്ഥാ നിരീക്ഷണം. ലോകത്തുള്ള ഏത് ഏജൻസി പ്രവചിച്ചാലും 75 ശതമാനം മാത്രമാണ് കൃത്യത വരാറുള്ളത്. ഇത് ആരുടേയും ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്ന് പറയാനാകില്ല. കാലാവസ്ഥയിൽ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റം കാരണമാണ് ഇങ്ങനെ ഉണ്ടാകുന്നത്.

നേരത്തെയൊക്കെ ഒരു ദിവസം മുൻപ് കാലാവസ്ഥാ പ്രവചനം നടത്തിയാൽ അതിന് വലിയ മാറ്റം സംഭവിക്കാറില്ല. പക്ഷേ, ഇപ്പോൾ അങ്ങനെയല്ല. മണിക്കൂറുകളുടെ വ്യത്യാസത്തിൽ കാലാവസ്ഥയ്ക്ക് മാറ്റം വരികയാണ് . അതുകൊണ്ടാണ് തിരുവനന്തപുരം ഉൾപ്പടെയുള്ള ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് പിറ്റേ ദിവസം രാവിലെ പിൻവലിക്കേണ്ടി വന്നത്. അഞ്ചു ദിവസം മുൻപ് വരെയുള്ള കാലാവസ്ഥാ റിപ്പോർട്ടുകൾ സർക്കാരിന് കൈമാറാറുണ്ട്.

ഇക്കുറി കഴിഞ്ഞ വർഷം ലഭിച്ചതിനേക്കാൾ സംസ്ഥാനത്ത് മഴ കൂടുതൽ ലഭിച്ചിട്ടുണ്ട്. പക്ഷേ, പ്രത്യേക കാലയളവിൽ കൂടിയ അളവിൽ ലഭിക്കുന്നു എന്നതാണ് പ്രശ്നം. കൂടുതൽ ജാഗ്രത പുലർത്തുക എന്നത് മാത്രമാണ് ഇതിനുള്ള ഏക പോംവഴി. എറണാകുളത്ത് ഒരു രാത്രി മഴപെയ്തപ്പോൾ ഉണ്ടായ വെള്ളക്കെട്ട് നമ്മൾ തന്നെ വരുത്തി വച്ചതാണെന്നേ പറയാനാകൂ. ഇക്കുറി ഇടുക്കിയിലും പാലക്കാടും ശരാശരി മഴയിലും കൂടുതൽ ലഭിച്ചിട്ടുണ്ട്. ഇടുക്കിയിൽ 92 ശതമാനവും പാലക്കാട് 72 ശതമാനവും കൂടുതൽ മഴ ലഭിച്ചു.

ഈ മാസം ലഭിച്ച മഴ

(ലഭിച്ചത്, കിട്ടേണ്ട ശരാശരി മഴ എന്ന ക്രമത്തിൽ, മില്ലി മീറ്ററിൽ)

കേരളമാകെ: 315.5, 222.7

ജില്ലകൾ

തിരുവനന്തപുരം: 214.5, 206

കൊല്ലം: 321.2, 263.6

പത്തനംതിട്ട: 438.5, 251.6

ആലപ്പുഴ: 296.8, 248.3

കോട്ടയം: 429.1, 228.3

ഇടുക്കി: 270.9, 282.5

എറണാകുളം: 408.5, 223.6
തൃശൂർ: 369.5, 252.9
പാലക്കാട്: 309.9, 179.2

മലപ്പുറം: 411.3, 234.5

കോഴിക്കോട്: 319, 203.6

വയനാട്: 235.1, 148.3
കണ്ണൂർ: 179.7, 186.6

കാസർകോട്: 149.3, 176.9
മാഹി: 297.2, 214.9