വിഴിഞ്ഞം: വസ്‌തു വാങ്ങാനെത്തിയ ജുവലറി ഉടമയെ കബളിപ്പിച്ച് 80 ലക്ഷം തട്ടിയ സംഭവത്തിൽ പ്രധാന പ്രതി ഉൾപ്പെടെ 10 പേർ അറസ്റ്റിൽ. പൂന്തുറ മൂന്നാറ്റുമുക്ക് ഹിമ മൻസിലിൽ മുജീബ് (47), പൂവാർ തെക്കേ തെരുവിൽ ഷംനാദ് (24), ഇ.എം.എസ് കോളനിയിൽ അസിം (34), തെക്കേ തെരുവ് കടലാഴി വീട്ടിൽ സജീർ (32), ഇ.എം.എസ് കോളനിയിൽ ജിബിരി ഖാൻ (26), പഴിഞ്ഞിയിൽ സരസ്വതി നിവാസിൽ സുഭാഷ് (25), ശൂലംകുടി ശക്തി ഭവനിൽ അരുൺദേവ് (26), മുട്ടത്തറ പരുത്തിക്കുഴി സ്വദേശി അർഷാദ് (46), പൂന്തുറ പള്ളി സ്ട്രീറ്റിൽ ഹുസൈൻ (44), പനവൂർ പുല്ലാമല പുത്തൻ ബംഗ്ലാവിൽ ഹാജ (42) എന്നിവരെയാണ് പൂവാർ പൊലീസ് പിടികൂടിയത്. കാട്ടാക്കട കണ്ടല സ്വദേശി ഷജീറിനും മറ്റൊരാൾക്കും വേണ്ടി അന്വേഷണം ശക്തമാക്കി. ഇവരിൽ നിന്നു 30 ലക്ഷം രൂപ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശിയായ സ്വർണ വ്യാപാരി അബ്ദുൾ മജീദിൽ (45) നിന്നാണ് ഞായറാഴ്ച പണം തട്ടിയെടുത്തത്. റിയൽ എസ്റ്റേറ്റ് ബ്രോക്കറായ മുജീബാണ് ഇയാളെ പൂവാറിലെ സ്വകാര്യ ഹോം സ്റ്റേയിൽ വിളിച്ച് വരുത്തിയത്. ഹോം സ്റ്റേയിലെ സി.സി ടി.വി കാമറയിൽ ചിലർ ബാഗുമായി ഓടുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ തമിഴ്നാട് തേങ്ങാപ്പട്ടണം, മാർത്താണ്ഡം എന്നിവിടങ്ങളിൽ നിന്നു പ്രധാന പ്രതികളെയും മറ്റുള്ളവരെ പൂവാർ ഭാഗത്തുനിന്നും പിടികൂടി. മോഷണത്തിന് ശേഷം രണ്ടുവഴിക്ക് പിരിഞ്ഞ സംഘം പൂവാറിനു സമീപം വീണ്ടും ഒത്തുചേർന്ന് കാറിൽ കയറി തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. പിടിയിലായ അസിം വധശ്രമക്കേസിലെ പ്രതിയാണെന്നും ബോംബേറിൽ ഇയാളുടെ വലതു കൈപ്പത്തി നഷ്ടപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം സ്വർണ ഇടപാടിനാണ് പണവുമായി എത്തിയതെന്നും സൂചനയുണ്ട്. പൂവാർ സി.ഐ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐ സജീവ്, ഗ്രേഡ് എസ്.ഐ പിയൂഷ്, എ.എസ്.ഐ സാബു, എസ്.സി.പി.ഒ പ്രേംകുമാർ, സി.പി.ഒമാരായ ശരത്ചന്ദ്രൻ, ഷാജത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.
മോഷണം ആസൂത്രണം ചെയ്‌തത് മുജീബ്,
ശ്രദ്ധതിരിക്കാൻ നാടകീയ രംഗങ്ങൾ
12 ഏക്കർ സ്ഥലം 17 കോടി രൂപയ്‌ക്ക് നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അഡ്വാൻസ് തുകയായ 80 ലക്ഷം രൂപയുമായി അബ്ദുൾ മജീദിനെ ഇവിടെ എത്തിച്ചത്. ഗൾഫിലായിരുന്ന അബ്ദുൾ മജീദ് നാട്ടിലെത്തി സ്വർണ ബിസിനസിനൊപ്പം റിയൽ എസ്റ്റേറ്റ് ബിസിനസും നടത്തുന്നതിനിടെയാണ് മുജീബുമായി പരിചയത്തിലായത്. കണക്കിൽപ്പെടാത്ത പണമാണ് അബ്ദുൾ മജീദിന്റെ കൈവശമുള്ളതെന്ന ധാരണയിൽ മുജീബ് ഈ പണം കൈക്കലാക്കാൻ ഒരു മാസം മുമ്പേ പദ്ധതി ആസൂത്രണം ചെയ്‌തു. ഇതിനായി സുഹൃത്തായ അസീമിന്റെയും കൂട്ടാളികളുടെയും സഹായം തേടി. പണത്തിന്റെ ഉറവിടം കാണിക്കാൻ കഴിയില്ലെന്നും അതിനാൽ പരാതി ഉണ്ടാകില്ലെന്നും മുജീബ് ഇവരെ ധരിപ്പിച്ചു. പണവുമായി ഹോംസ്റ്റേയിലെത്തിയ ഉടനേ അബ്ദുൾ മജീദിന്റെ കൈയിൽ പണമുണ്ടെന്ന് മുജീബ് ഉറപ്പുവരുത്തി. വസ്‌തു ഉടമ മുകളിൽ ഉണ്ടെന്ന് പറഞ്ഞ് മുജീബ് മുകളിലേക്ക് കയറിയപ്പോൾ ബൈക്കുകളിലും റെന്റ് എ കാറിലുമെത്തിയ മറ്റ് പ്രതികൾ വാള് കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പണമടങ്ങിയ പ്ലാസ്റ്റിക് കവറും ബാഗും തട്ടിയെടുക്കുകയായിരുന്നു. ഹോംസ്റ്റേയ്ക്ക് സമീപത്തെ ആറ്റിൽ അസിം സ്റ്റാർട്ടാക്കി നിറുത്തിയിരുന്ന ബോട്ടിൽ കയറി ഒരു സംഘം രക്ഷപ്പെട്ടു. മറ്റൊരു സംഘം പ്രധാന പ്രതി മുജീബിനെ മർദ്ദിക്കുന്നതായി നാടകീയരംഗം സൃഷ്ടിച്ച ശേഷം കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഹോംസ്റ്റേ അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അബ്ദുൾ മജീദിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. എന്നാൽ പ്രതികളെ പിടികൂടിയതോടെയാണ് മുജീബാണ് മോഷണം ആസൂത്രണം ചെയ്‌തതെന്ന് വ്യക്തമായത്.