mahatma-gandhi-
mahatma gandhi, ak balan minister

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി നവംബർ ഒന്നിന് നിയമസഭയുടെ പ്രത്യേക അനുസ്മരണ സമ്മേളനം ചേരും. സഭയുടെ കാര്യോപദേശക സമിതിയുടെ അഭിപ്രായത്തിനനുസരിച്ചാകും സമ്മേളനം ചേരുകയെന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനുസ്മരണ സമ്മേളനം മുഖ്യമന്ത്രിയുടെ പ്രസംഗത്തോടെ തുടങ്ങും.

28ന് ആരംഭിക്കുന്ന സഭാസമ്മേളനത്തിൽ 16 ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ പരിഗണിക്കും. നവംബർ 21 വരെയാണ് സമ്മേളനം. മറ്റ് അത്യാവശ്യ ബില്ലുകളും പരിഗണനയ്ക്കെടുക്കും. 29ന് ബഡ്ജറ്റിലെ ഉപധനാഭ്യർത്ഥനകളുടെ സമർപ്പണവും നവംബർ അഞ്ചിന് ചർച്ചയും വോട്ടെടുപ്പും നടക്കും.

 ഈ സമ്മേളനത്തിൽ സഭാ ടി.വി

കേരള നിയമസഭയെ സജ്ജമാക്കാനും സഭാനടപടിക്രമങ്ങളെപ്പറ്റി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുമുള്ള പരിപാടികൾ നിർമ്മിച്ച് ടി.വി ചാനലുകളിലൂടെ സംപ്രേഷണം ചെയ്യുന്നതിന് രൂപീകരിക്കുന്ന സഭാ ടി.വിയുടെ ഉദ്ഘാടനം നവംബർ പകുതിയോടെ നടക്കും. നിയമസഭയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഓൺലൈൻ സ്ട്രീമിംഗിനുള്ള നടപടിയുമുണ്ടാകും.

കടലാസ് രഹിത സഭ

സമ്പൂർണ കടലാസ് രഹിത നിയമസഭാ (ഇ- നിയമസഭ) പദ്ധതിക്ക് അടുത്ത ബഡ്ജറ്റ് സമ്മേളനത്തിൽ തുടക്കമാകും.

 പ്രതിപക്ഷത്തെ സഹകരിപ്പിക്കാൻ ശ്രമിക്കും

ലോക കേരളസഭയുടെ രണ്ടാം സമ്മേളനം ജനുവരി രണ്ട്, മൂന്ന് തീയതികളിൽ നിയമസഭാ സമുച്ചയത്തിൽ നടക്കും. പ്രതിപക്ഷനേതാവ് ലോക കേരളസഭയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചെങ്കിലും അടുത്ത സമ്മേളനത്തിന് മുമ്പ് അദ്ദേഹവുമായി സംസാരിച്ച് സഹകരിപ്പിക്കാൻ ശ്രമിക്കുമെന്ന് സ്പീക്കർ പറഞ്ഞു. അംഗങ്ങളുടെ ചോദ്യങ്ങൾക്കുള്ള മന്ത്രിമാരുടെ മറുപടി വേഗത്തിൽ ലഭ്യമാക്കാൻ റൂളിംഗ് നൽകിയതാണ്. എന്തെങ്കിലും അപാകതകളുണ്ടെന്ന് പ്രത്യേകം ചൂണ്ടിക്കാട്ടിയാൽ പരിശോധിക്കും. കേരള കോൺഗ്രസ് എമ്മിൽ അഭിപ്രായഭിന്നതയുള്ളതായി തന്റെ മുന്നിൽ പരാതികളൊന്നുമില്ലെന്നും സ്പീക്കർ പറഞ്ഞു.