തിരുവനന്തപുരം: ബാങ്ക് ലയന നയം ഉപേക്ഷിക്കുക, കുത്തകകളുടെ വൻകടങ്ങൾ തിരിച്ചുപിടിക്കുക, നിക്ഷേപങ്ങളുടെ പലിശ ഉയർത്തുക, സേവന ഫീസിന്റെ പേരിലും മറ്റും ഇടപാടുകാരെ പിഴിയുന്ന രീതി അവസാനിപ്പിക്കുക, ബാങ്കുകളിലെ ഒഴിവുകൾ നികത്താൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രണ്ട് യൂണിയനുകൾ നടത്തിയ പണിമുടക്കിൽ രാജ്യത്താകമാനം ബാങ്കിംഗ് മേഖല സ്തംഭിച്ചു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ, ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ എന്നിവ ആഹ്വാനം ചെയ്ത അഖിലേന്ത്യാ ബാങ്ക് സമരത്തിന്റെ ഭാഗമായി കേരളത്തിലടക്കം മൂന്ന് ലക്ഷത്തോളം ബാങ്കുകളാണ് നിശ്ചലമായത്. സഹകരണ – ഗ്രാമീണ ബാങ്കുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിരുന്നു. ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഒരുവിഭാഗം പണിമുടക്കിൽ പങ്കെടുക്കാത്തതിനാൽ എസ്.ബി.ഐയെ സമരം ഭാഗികമായേ ബാധിച്ചുള്ളൂ.
സംസ്ഥാനത്ത് 25,000 വരുന്ന ജീവനക്കാരാണ് സമരത്തിൽ പങ്കെടുത്തത്. സമരത്തിന്റെ ഭാഗമായി തലസ്ഥാനത്ത് പാളയത്ത് നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് സ്റ്റാച്യൂ എസ്.ബി.ഐ ശാഖയ്ക്ക് മുമ്പിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. പണിമുടക്ക് കണക്കിലെടുത്ത് എ.ടി.എമ്മുകളിൽ തിങ്കളാഴ്ച തന്നെ പണം നിറച്ചിരുന്നു.