farmer

തിരുവനന്തപുരം : പ്രകൃതിക്ഷോഭത്തിൽ കൃഷി നശിച്ചാൽ നഷ്ടപരിഹാരം വാങ്ങാൻ ഇനി രേഖകളുമായി കൃഷിഭവനുകൾ കയറി ഇറങ്ങേണ്ട. കർഷകർക്ക് വീട്ടിലിരുന്ന് സ്മാർട്ട്ഫോണിലൂടെ അപേക്ഷിക്കാം. ഇതിനായി 'സ്മാർട്ട് ' എന്ന പേരിൽ കൃഷിവകുപ്പിന്റെ പുതിയ ആപ്പ് ആറ് മാസത്തിനുള്ളിൽ പുറത്തിറങ്ങും.

കൃഷിനാശമുണ്ടായ കർഷകരുടെ വിവരങ്ങൾ ശേഖരിച്ച് കാലതാമസമില്ലാതെ നഷ്ടപരിഹാരം വിതരണം ചെയ്യാനുള്ള സോഫ്റ്റ്‌വെയർ ഇതിനോടകം തന്നെ കൃഷിവകുപ്പുകളിൽ പ്രവർത്തനസജ്ജമായിട്ടുണ്ട്. നാശനഷ്ടമുണ്ടായ കർഷകർ കൃഷി ഭവനിലെത്തിയാൽ അന്നുതന്നെ സോഫ്റ്റ്‌വെയറിൽ വിവരം അപ്‌ലോഡ് ചെയ്യും. ഇവ ഉടൻ ഡയറക്ടറേറ്റിൽ ലഭിക്കും. കാലവർഷക്കെടുതിയിൽ ഓരോ ദിവസവും എത്രമാത്രം നഷ്ടമുണ്ടായെന്ന വിവരവും ഈ സോഫ്റ്റ്‌വെയറിലൂടെ അധികൃതർക്ക് അറിയാനാകും. അന്വേഷണം നടത്തി ശരിയെന്ന് ബോദ്ധ്യപ്പെട്ടാൽ അധികം വൈകാതെ തന്നെ കർഷകർക്ക് ബാങ്ക് അക്കൗണ്ടിൽ നഷ്ടപരിഹാര തുകയുമെത്തും.

കൃഷിനാശം സംഭവിക്കുന്ന കർഷകർ കൃഷിഭവനിലെത്തി പ്രത്യേക ഫാറം പൂരിപ്പിച്ചാണ് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ ഇതുവരെ നൽകിയിരുന്നത്. തുടർന്ന് കൃഷി ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം റിപ്പോർട്ട് തയ്യാറാക്കി പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർക്ക് അയയ്ക്കും.

ഇവിടെ നിന്നു ജില്ലാ ഓഫീസിലേക്കും തുടർന്ന് ഡയറക്ടറേറ്റിലും ഫയൽ അയയ്ക്കും. അതിനുശേഷമേ തുക അനുവദിച്ചിരുന്നുള്ളു. ഇത്രയും നടപടിക്രമങ്ങൾക്ക് മാസങ്ങളുടെ കാലതാമസമുണ്ടായിരുന്നു.

ഇതിനു പരിഹാരമായാണ് നാഷണൽ ഇൻഫോമാറ്റിക് സെന്ററിന്റെ സഹായത്താൽ കൃഷിവകുപ്പ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. കൃഷിവകുപ്പിന്റെ ഐ.ടി സെല്ലാണ് സോഫ്റ്റ്‌വെയർ നിയന്ത്രിക്കുന്നത്.

ഇനിയെല്ലാം ഹൈടെക്

ഡയറക്ടറേറ്റ് മുതൽ കൃഷി ഭവൻ വരെ ഇ-ഓഫീസ് സംവിധാനത്തിന് കീഴിലാക്കാനുള്ള പ്രവർത്തനവും കൃഷിവകുപ്പ് ആരംഭിച്ചു. 2020 മാർച്ച് 31-നകം വകുപ്പിലെ മുഴുവൻ ഓഫീസുകളിലും ഇ- സംവിധാനം നടപ്പിലാക്കും. ഡയറക്ടറേറ്റിലെ ഐ.ടി ഡിവിഷൻ, തപാൽ, എൻജിനിയറിംഗ്, ഫിനാൻസ്, പെൻഷൻ എന്നീ വിഭാഗങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇ - ഓഫീസ് സംവിധാനം തുടങ്ങിയത്. ഉടൻ 32 സെക്‌ഷനുകളിലേക്കും വ്യാപിപ്പിക്കും.


ആപ്പിന്റെ പ്രവർത്തനം

നാശനഷ്ടമുണ്ടായ വിവരം കർഷകൻ മൊബൈൽ ആപ്പിൽ അപ്‌ലോഡ് ചെയ്യും
ഇതിലൂടെ നഷ്ടത്തെക്കുറിച്ചുള്ള ഏകദേശവിവരം കൃഷിവകുപ്പിന് ലഭിക്കും.
തുടർന്ന് കൃഷി ആഫീസർ സ്ഥലത്തെത്തി പരിശോധന നടത്തും
പരിശോധനാ വിവരവും അപ്‌ലോഡ് ചെയ്യും

നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാകും
കർഷകരുടെ അപേക്ഷ ഏതുഘട്ടത്തിൽ എത്തിയെന്നും ആപ്പിലൂടെ അറിയാം

നിലവിലെ സെർവറിന്റെ ശേഷി വർദ്ധിപ്പിക്കുന്നതോടെ മൊബൈൽ ആപ്പ് നിലവിൽ വരും. ഇതിനായുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്.

-മേരി തോമസ്
ജോയിന്റ് ഡയറക്ടർ
(നോഡൽ ഓഫീസർ, സ്മാർട്ട്)