നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഡി.ഇ.ഒ ഓഫീസിൽ വിജിലൻസ് ഇന്നലെ നടത്തിയ റെയ്ഡിൽ ഒപ്പിടാതെ മാറ്റിവച്ചിരുന്ന ഫയൽശേഖരം കണ്ടെത്തി. ഇവിടെ ഫയലുകൾ തീർപ്പാക്കുന്നത് വൈകുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ വിജിലൻസ് വിഭാഗം പരിശോധന നടത്തിയത്. വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എം.കെ. ഷൈൻമോന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സമാനമായ പരാതിയെ തുടർന്ന് ബ്ലസ്ഡ് സിംഗ് എന്ന അസിസ്റ്റന്റ് സൂപ്രണ്ടിനെ രണ്ടുമാസം മുമ്പ് സസ്‌പെന്റ് ചെയ്‌തിരുന്നു. മദ്യപിച്ച് ഓഫീസിൽ വന്ന ഇദ്ദേഹവും ചില അദ്ധ്യാപക സംഘടന നേതാക്കളുമായി വാക്കുതർക്കമുണ്ടായി. ഇവരുടെ പരാതിയിലായിരുന്നു സസ്‌പെൻഷൻ. ഇതിന്റെ ഹിയറിംഗും അന്വേഷണവും ഇന്നലെ നടന്നു. എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള സ്കോളർഷിപ്പുകളുടെ ബില്ലുകൾ ഇവിടെ നിന്നും മാറിക്കൊടുക്കുന്നില്ലെന്ന് സ്‌കൂൾ അധികൃതർ നേരത്തെ വിദ്യാഭ്യാസ മന്ത്രിക്കും വിദ്യാഭ്യാസ ഡയറക്ടർക്കും പരാതി നൽകിയിരുന്നു. എയ്ഡഡ് സ്‌കൂളുകളിൽ ഒഴിവു വരുന്ന തസ്‌തികകളിലേക്ക് നിയമന ഉത്തരവ് നൽകാൻ വൈകുന്നെന്നും പരാതിയുണ്ട്.