vattiyoorkkavu-election

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത് 1,23,804 പേർ. തപാൽ വോട്ടുകൾ ഉൾപ്പെടുത്താതെയാണിത്. വോട്ടെണ്ണൽ നാളെ നടക്കും.

മണലയം സെന്റ് ആന്റണീസ് പള്ളി ഹാളിലെ 51-ാം നമ്പർ പോളിംഗ് സ്‌റ്റേഷനിലാണ് മണ്ഡലത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് നടന്നത്. ഇവിടുത്തെ പോളിംഗ് 78.11 ശതമാനം. പേരൂർക്കട പി.എസ്. നടരാജപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 30-ാം നമ്പർ ബൂത്തിൽ 77.21 ശതമാനവും കൊടുങ്ങാനൂർ ബി.വി.എച്ച്.എസ്.എസിലെ 67-ാം നമ്പർ ബൂത്തിൽ 75.66 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കൻഡറി സ്‌കൂളിലെ 135-ാം നമ്പർ ബൂത്തിലാണ് മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗ്, 45.2 ശതമാനം. ജവഹർനഗർ എൽ.പി സ്‌കൂളിലെ 85-ാം നമ്പർ ബൂത്തിൽ 47.9 ശതമാനവും കുന്നുകുഴി ഗവ. യു.പി സ്‌കൂളിലെ 165-ാം ബൂത്തിൽ 49.68 ശതമാനവും പോളിംഗ് നടന്നു. ഈ മൂന്നു ബൂത്തുകൾ ഒഴികെ മണ്ഡലത്തിലെ മറ്റെല്ലാ ബൂത്തുകളിലും 50 ശതമാനത്തിനു മുകളിൽ പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയ 51-ാം ബൂത്ത് അടക്കം 26 പോളിംഗ് സ്‌റ്റേഷനുകളിൽ 70 ശതമാനത്തിലേറെ പോളിംഗ് നടന്നു.
1,97,570 വോട്ടർമാരാണ് വട്ടിയൂർക്കാവിൽ ആകെയുള്ളത്. പോൾ ചെയ്ത 1,23,804 പേരിൽ 61,209 പേർ പുരുഷന്മാരും 62,594 പേർ സ്ത്രീകളുമാണ്. ഒരാൾ ട്രാൻസ്‌ജെൻഡറും. മണ്ഡലത്തിലെ പുരുഷ വോട്ടർമാരിൽ 64.89 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ സ്ത്രീ വോട്ടർമാരിൽ 60.62 ശതമാനം പേരാണ് വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തുകളിലേക്ക് എത്തിയത്.

കേന്ദ്രസേനാ കാവലിൽ വോട്ടിംഗ് യന്ത്രങ്ങൾ

വോട്ടെടുപ്പ് പൂർത്തിയാക്കി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തോടു ചേർന്നുള്ള അതിസുരക്ഷാ മുറികളിൽ ഭദ്രം. കേന്ദ്രസേനയുടെ പ്രത്യേക സുരക്ഷയിലാണു സൂക്ഷിച്ചിരിക്കുന്നത്. സുരക്ഷയ്ക്കു സംസ്ഥാന പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.
പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളാണ് വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രം. വോട്ടെടുപ്പ് നടന്ന 168 ബൂത്തുകളിൽ നിന്നുമുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും പൊലീസ് സംരക്ഷണത്തിൽ തിങ്കളാഴ്ച രാത്രി ഇവിടെ എത്തിച്ച് സ്‌ട്രോംഗ് റൂമുകളിലേക്കു മാറ്റി. വരണാധികാരിയുടെയും തിരഞ്ഞെടുപ്പ് നിരീക്ഷണത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ഒബ്സർവറുടെയും സാന്നിദ്ധ്യത്തിൽ ഇവ സ്‌ട്രോംഗ് റൂമിൽ വച്ചു പൂട്ടി സീൽ ചെയ്തു.
ബൂത്ത് അടിസ്ഥാനത്തിൽ പ്രത്യേക നിരയായാണ് സ്‌ട്രോംഗ് റൂമുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും സൂക്ഷിച്ചിരിക്കുന്നത്. വോട്ടെണ്ണൽ ദിനമായ നാളെ രാവിലെ 8ന് സ്‌ട്രോംഗ് റൂമുകൾ തുറക്കും. വരണാധികാരിയുടെ സാന്നിദ്ധ്യത്തിലാകും സീൽ പൊട്ടിച്ച് റൂമുകൾ തുറക്കുന്നത്.