kt-jaleel

തിരുവനന്തപുരം: എം.ജി സർവകലാശാലാ മാർക്ക്ദാന വിവാദം കെട്ടടങ്ങും മുമ്പ്, കേരള സാങ്കേതിക സർവകലാശാലയിലെ പരീക്ഷാനടത്തിപ്പിലും പരീക്ഷയുടെ രഹസ്യാത്മകത തകർക്കുന്ന വിധത്തിൽ മന്ത്രി കെ.ടി. ജലീൽ ഇടപെട്ടെന്ന പുതിയ ആരോപണമുയർത്തി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. നേരത്തേ കൊടുത്ത കത്തുകൾക്ക് പുറമേ ഈ ആരോപണം ഉൾപ്പെടുത്തി പുതിയ പരാതിയും ഇന്നലെ അദ്ദേഹം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകി.

എ.പി.ജെ. അബ്ദുൾകലാം സാങ്കേതികസർവകലാശാലയുടെ ചോദ്യപേപ്പർ തയ്യാറാക്കലും പരീക്ഷാനടത്തിപ്പും പരിഷ്കരിച്ചാണ് മന്ത്രി ഉത്തരവിറക്കിയത്. സർവകലാശാലയുടെ പരീക്ഷാകാര്യങ്ങളുടെ നടത്തിപ്പിനായി എക്സാമിനേഷൻ മാനേജിംഗ് കമ്മിറ്റി രൂപീകരിച്ചുള്ളതാണ് ഉത്തരവ്. നേരത്തേ എക്സാമിനേഷൻസ് മാനേജ്മെന്റ് സിസ്റ്റംസ് എന്ന സംവിധാനമാണുണ്ടായിരുന്നത്. അത് പരീക്ഷാ കൺട്രോളറുടെ നിയന്ത്രണത്തിലായിരുന്നു. അത് മാറ്റിയാണ് ആറ് പേരടങ്ങുന്ന കമ്മിറ്റിക്ക് ചുമതല നൽകിയത്. ചോദ്യപേപ്പർ തയ്യാറാക്കാനുള്ള ചുമതലയും ഈ കമ്മിറ്റിക്ക് നൽകിയെന്നതാണ് സംശയമുണർത്തുന്നത്.

കഴിഞ്ഞവർഷം നവംബർ 18നാണ് ഉത്തരവിൽ മന്ത്രി ഒപ്പിട്ടത്. പിറ്റേന്ന് തന്നെ സർവകലാശാല അത് അക്ഷരംപ്രതി നടപ്പാക്കി ഉത്തരവിറക്കി.

അതീവ രഹസ്യസ്വഭാവത്തോടെയാണ് ചോദ്യപേപ്പർ തയ്യാറാക്കേണ്ടത്. സാധാരണ അഞ്ച് സെറ്റ് ചോദ്യപേപ്പറുകൾ തയ്യാറാക്കുകയും ഒരു വിദഗ്ദ്ധസമിതി അത് പരിശോധിച്ച് കവറുകളിലാക്കുകയുമാണ് ചെയ്തുവന്നിരുന്നത്. ആ കവറുകൾ പൊട്ടിച്ചുനോക്കാതെ അതിലൊന്ന് പരീക്ഷാ കൺട്രോളർ എടുത്ത് അച്ചടിക്കായി അയയ്ക്കുന്നതായിരുന്നു രീതി. അത്രയും രഹസ്യസ്വഭാവത്തോടെ നടത്തുന്ന പരീക്ഷാ ചോദ്യപേപ്പർ തയ്യാറാക്കലിലാണ് വെള്ളം ചേർത്തിരിക്കുന്നത്. പരീക്ഷാ കൺട്രോളർക്ക് പകരം ആറ് പേരടങ്ങുന്ന വിപുലമായ സമിതിക്ക് ചുമതല നൽകിയത് കാരണം ചോദ്യപേപ്പർ തയ്യാറാക്കുന്നതിലെ രഹസ്യസ്വഭാവം നഷ്ടപ്പെടാനിടയുണ്ട്. ചോദ്യം ചോർത്താനുമാവും. ചോദ്യപേപ്പർ തയ്യാറാക്കലിൽ ഡീനിനും ചുമതല നൽകിയിരിക്കുന്നു. ഇത് സർവകലാശാലാ നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. ഇങ്ങനെ ഉത്തരവ് നൽകാൻ പ്രോ ചാൻസലറായ മന്ത്രിക്ക് അധികാരമില്ല. ഉന്നത വിദ്യാഭ്യാസമേഖലയുടെ മൂല്യം പാടെ തകർക്കുംവിധം മന്ത്രി ജലീൽ ഉൾപ്പെട്ട മാർക്ക് കുംഭകോണത്തിന്റെ വിവരങ്ങൾ പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുന്നത് ദുരൂഹമാണ്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ ഉടൻ പുറത്താക്കേണ്ടത് മന്ത്രിസഭയുടെ തലവനെന്ന നിലയിൽ മുഖ്യമന്ത്രിയുടെ കടമയാണെന്നും ചെന്നിത്തല പറഞ്ഞു.