general

ബാലരാമപുരം : കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ കാരണം ബാലരാമപുരം-വിഴിഞ്ഞം റോഡിലെ ഇന്റർലോക്ക് നിർമ്മാണം തടസപ്പെട്ടതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. 2017 ൽ ഒരു കോടി രൂപയാണ് വിഴിഞ്ഞം മുതൽ ബാലരാമപുരം വരെ ഓട നിർമ്മാണത്തിനും നടപ്പാത ഇന്റർലോക്ക് ചെയ്യുന്നതിനും മരാമത്ത് ഫണ്ട് അനുവദിച്ചത്. എസ്റ്റിമേറ്റിൽ അനുവദിച്ച ബില്ലുകൾ മാറുന്ന മുറയ്ക്ക് പണികൾ പൂർത്തീകരിക്കാനാണ് കരാറുകാരൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ നിർമ്മാണം പൂർത്തിയാക്കിയ സ്ഥലങ്ങളിലെ ബില്ലുകൾ സമയബന്ധിതമായി മാറാത്തതുമൂലം നിർമ്മാണപ്രവർത്തനങ്ങളിൽ നിന്ന് കരാറുകാരൻ പിന്മാറിയിരിക്കുകയാണ്. കട്ടച്ചൽക്കുഴി തെങ്ങുഗവേഷണ കേന്ദ്രത്തിന് സമീപം ഇന്റർലോക്ക് പാകിയ സ്ഥലം പൊട്ടിപ്പൊളിഞ്ഞത് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നേതാജി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ രംഗത്തെത്തിയിട്ടുണ്ട്. പൈപ്പ് ലൈൻ സ്ഥാപിച്ച് ദിവസങ്ങൾക്കുള്ളിൽ ഇന്റർലോക്ക് പാകിയതാണ് ഈ ഭാഗത്തെ ഇന്റർലോക്ക് തകരാൻ കാരണം. ബാലരാമപുരം മുതൽ വിഴിഞ്ഞം വരെ 150 മീറ്റർ ഭാഗത്ത് ഓടയുടെ നിർമ്മാണം പൂർത്തിയാക്കി. ഉച്ചക്കട കഴിഞ്ഞ് ദേവീക്ഷേത്രത്തിന് സമീപത്താണ് ഇനി ഓടയുടെ പണികൾ നടക്കാനുള്ളത്. ഉച്ചക്കട ഭാഗത്ത് സ്ഥലപരിമിതിയും മഴയത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടും കാരണം ഇന്റർലോക്ക് പാകാൻ കഴിയില്ലെന്നാണ് കരാറുകാരൻ അറിയിച്ചിരിക്കുന്നത്. സീനിയോറിറ്റി അനുസരിച്ച് പദ്ധതി ആരംഭിച്ച് 9 മാസം മുമ്പുള്ള ബില്ലുകളാണ് ഇപ്പോൾ കരാറുകാർക്ക് നൽകുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഇന്റർലോക്കിന്റെയും ഓടയുടെയും നിർമ്മാണം നടത്താൻ കഴിയാത്തതെന്നാണ് കരാറുകാരൻ അസിസ്റ്റന്റ് എൻജിനിയറെ അറിയിച്ചിരിക്കുന്നത്. നിർമ്മാണപ്രവർത്തനങ്ങളിൽ മരാമത്തിന്റെ ഭാഗത്തും ഗുരുതരവീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. അടിയന്തരമായി പണികൾ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.