tax

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ പഴയ വാറ്ര് നികുതിയുടെ പേരിൽ കേരളത്തിലെ അരലക്ഷത്തോളം വ്യാപാരികൾക്ക് പ്രീ അസസ്‌‌മെന്റ് നോട്ടീസ് നൽകിയത് വിവാദമാകുന്നു. ജി.എസ്.ടി വരുന്നതുവരെ നിലനിന്നിരുന്ന വാറ്ര് നികുതിയുടെ പേരിലാണ് കുടിശിക അടയ്ക്കാനായി നോട്ടീസും സമൻസും അയച്ചത്.

2017ൽ ജി.എസ്.ടി വരുന്നതുവരെ വാറ്ര് നികുതിയിൽ വ്യാപാരികൾ നൽകുന്ന കണക്കുകളാണ് സർക്കാർ സ്വീകരിച്ചിരുന്നത്. സ്വയം നിർണയിച്ചാണ് ഇത് വ്യാപാരികൾ നൽകിയിരുന്നത്. എന്നാൽ, പരിശോധനയിൽ ഇവർ‌ നൽകിയ കണക്കുകളിൽ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയാൽ വാറ്ര് നികുതി നിയമത്തിലെ 25(1) വകുപ്പ് പ്രകാരം വീണ്ടും പ്രീ അസസ്‌‌മെന്റ് നോട്ടീസ് നൽകും. എവിടെയാണ് പൊരുത്തക്കേടുള്ളതെന്ന് പ്രീ അസസ്മെന്റ് നോട്ടീസിൽ വ്യക്തമാക്കാറുണ്ട്. ഇതിന് വ്യാപാരികൾക്ക് മറുപടി നൽകാനും അവസരമുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിൽ വീണ്ടും അസസ്‌‌മെന്റ് നോട്ടീസ് നൽകും. തുടർന്ന് ആവശ്യപ്പെട്ട തുകയും പിഴയും ഒടുക്കണം. അല്ലെങ്കിൽ ബന്ധപ്പെട്ട് വ്യാപാരിക്കെതിരെ റവന്യു റിക്കവറി നടപടി സ്വീകരിക്കും.

വാറ്ര് നികുതിയുടെ അസസ്‌‌മെന്റിന് അ‌‌ഞ്ചു വർഷത്തെ കാലാവധിയെ ഉള്ളൂ എന്നതിനാലാണ് 2013-14 വർഷത്തെ വാറ്ര് നികുതിയുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് ഇപ്പോൾ ജി.എസ്.ടി വകുപ്പ് നോട്ടീസ് നൽകുന്നത്. അടുത്ത വർഷം മാർച്ച് 31 നുള്ളിൽ അടയ്ക്കണമെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴത് ഡിസംബർ 31 നകം നൽകണമെന്നായി. മുൻകാലങ്ങളിൽ പ്രീ അസസ്‌‌മെന്റ് നോട്ടീസ് നൽകുമ്പോൾ വിശദമായ കാരണം അതിലുണ്ടാകുമായിരുന്നു. ഇപ്പോൾ തുക മാത്രം കാണിക്കുന്നതുകൊണ്ട് വ്യാപാരിക്ക് എവിടെയാണ് തെറ്റ് പറ്റിയതെന്ന് കണ്ടെത്താനാവില്ല. അഞ്ചു വർഷം മുമ്പുള്ള കണക്കുകളും ബില്ലുകളും കണ്ടെത്താനും ബുദ്ധിമുട്ടാകും. സ്വാഭാവികമായും ടാക്സ് പ്രാക്ടീഷണർമാരെയും അഭിഭാഷകരെയും ചാർട്ടേഡ‌് അക്കൗണ്ടന്റുമാരെയും സമീപിക്കേണ്ട സ്ഥിതിയിലാണ് വ്യാപാരികൾ. സർക്കാർ നൽകിയ പ്രീ അസസ്‌‌മെന്റ് നോട്ടീസിനെതിരെ സമര മാർഗങ്ങളുമായി മുന്നോട്ട് പോകാനും വ്യാപാരി സംഘടനകൾ ഒരുങ്ങുന്നു.