ksrtc

വിതുര : കളക്ഷൻ വർദ്ധിപ്പിക്കാനും നഷ്ടം കുറയ്ക്കാനുമെന്ന പേരിൽ കെ.എസ്.ആർ.ടി.സി നടപ്പിലാക്കിയ പരിഷ്കരണങ്ങൾ മലയോര മേഖലയിലെ യാത്രക്കാർക്ക് തിരിച്ചടിയാകുന്നു. കെ.എസ്.ആർ.ടി.സി അധികൃതരുടെ അശാസ്ത്രീയ ഒാപ്പറേറ്റിംഗ് രീതിയും, സർവീസ് വെട്ടിചുരുക്കലും കാരണം മേഖലയിൽ യാത്രാക്ലേശം രൂക്ഷമാകുന്നതായാണ് പരാതി. വിവിധ ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് നടത്തിയിരുന്ന ഫാസ്റ്റ് സർവീസുകൾ നിറുത്തിയതോടെ യാത്രാദുരിതം ഇരട്ടിച്ചെന്നുമാത്രമല്ല ഡിപ്പാകളിലെ കളക്ഷൻ കുത്തനെ ഇടിയുകയും ചെയ്തു. ഭരണകക്ഷിക്കാർ ഉൾപ്പെടെ ഡിപ്പോകളുടെ മുന്നിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചെങ്കിലും ഫാസ്റ്റ് സർവീസുകൾ അയയ്ക്കുമെന്ന അധികാരികളുടെ വാഗ്ദാനം ഇപ്പോഴും കടലാസിൽ ഉറങ്ങുകയാണ്. മേഖലയിലെ എല്ലാ ഡിപ്പോകളിലും സർവീസുകളുടെ എണ്ണം വെട്ടിച്ചുരുക്കിയത് യാത്രക്കാർക്ക് ഇരുട്ടടിയായി. മിക്ക ഡിപ്പോകളിലും വേണ്ടത്ര ഡ്രൈവർമാരില്ലാത്തതിനാൽ പ്രവർത്തനം താളംതെറ്റിയ അവസ്ഥയിലാണ്. വിതുര - തൊളിക്കോട് - നെടുമങ്ങാട് റൂട്ടിൽ വേണ്ടത്ര സർവീസുകൾ ഇല്ലാത്തതുമൂലം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിലാണ്. സ്കൂൾവിടുന്ന സമയങ്ങളിൽ ആനാട് ജംഗ്ഷനിൽ ബസുകൾ നിറുത്തി വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. നാല് മണിക്ക് സ്കൂൾ വിട്ടാൽ ആറ് മണിവരെ ബസ് കാത്ത് നിൽക്കേണ്ട അവസ്ഥയിലാണെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതി. ആനാട്ടെ സ്കൂൾ - കോളേജുകളിൽ പഠിക്കുന്ന ആദിവാസി മേഖലയിലുള്ള കുട്ടികൾ രാത്രിയിലാണ് വീടുകളിൽ എത്തുന്നത്. നെടുമങ്ങാട് ഡിപ്പോയിൽ നിന്നും നിറയെ യാത്രക്കാരെ കയറ്റിവരുന്നതുമൂലമാണ് ആനാട് നിറുത്തി കുട്ടികളെ കയറ്റാൻ കഴിയാത്തതെന്നാണ് അധികാരികളുടെ വിശദീകരണം. സ്കൂൾ വിടുന്ന സമയങ്ങളിൽ കൂടുതൽ സർവീസുകൾ അയച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ലെന്നാണ് വിദ്യാർത്ഥികളുടെ പരാതി.

പാലോട് - വിതുര റൂട്ട്

കാട്ടാക്കട, ആര്യനാട്, നെടുമങ്ങാട്, പാലോട് ഡിപ്പോകളിൽ നിന്നും നിരവധി സർവീസുകൾ നടത്തിയിരുന്ന പാലോട് - വിതുര റൂട്ടിൽ കളക്ഷൻ കുറവെന്ന പേരിൽ തൊണ്ണൂറ് ശതമാനം സർവീസും നിറുത്തലാക്കി. അടുത്തടുത്ത് നാല് ഡിപ്പോകൾ പ്രവർത്തിച്ചിട്ടും ഈ റൂട്ടിലെ യാത്രാദുരിതത്തിന് പരിഹാരം കാണാൻ സാധിച്ചിട്ടില്ല. വിദ്യാർത്ഥികൾ ഉൾപ്പെടെ സ്വകാര്യസർവീസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ.