octo22d

ആറ്റിങ്ങൽ: ദേശീയപാതയിലെ കുഴികളും ഓടകൾക്കു മുകളിലെ തകർന്ന സ്ലാബുകളും ആറ്റിങ്ങൽ നഗരത്തിൽ അപകട കെണിയാകുന്നു.

ദേശീയപാതയുടെ ഇരുവശത്തുമായി ഓടയിലെ സ്ലാബുകൾ തകർന്നിട്ട് മാസങ്ങൾ പലതുകഴിഞ്ഞു. ഇതുസംബന്ധിച്ച് നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.

റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി കെട്ടിടങ്ങളും മതിലുകളും മറ്റും പൊളിച്ചു നീക്കിയപ്പോഴാണ് ഭൂരിഭാഗം സ്ഥലത്തും സ്ലാബുകൾ തകർന്നത്. ദേശീയപാതയോരത്ത് ഓടയ്ക്ക് മുകളിലെ സ്ലാബാണ് നടപ്പാതയായി ഉപയോഗിക്കുന്നത്. ശ്രദ്ധിച്ച് നടന്നു വന്നാൽ പോലും തകർന്ന സ്ലാബിൽ കാൽ അകപ്പെട്ട് അപകടം പറ്റുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരുസ്ത്രീ ഓടയിലെ സ്ലാബിൽ കാൽ കുരുങ്ങി ഓടയിൽ അകപ്പെട്ടു. നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്.

നടപ്പാതയുടെ കാര്യം ഇങ്ങനെയെങ്കിൽ നഗരത്തിലെ ദേശിയപാതയുടെ കാര്യം ഏറെ കഷ്ടമാണ്. ആറ്റിങ്ങൽ മേഖലയിൽ പലഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളാകുന്നു. ഗതാഗത കുരുക്കിൽ നട്ടം തിരിയുന്ന ആറ്റിങ്ങലിൽ വാഹനങ്ങൾ ഘട്ടറിൽ വീണും അപകടം പിണയുകയാണ്. ആറ്റിങ്ങൽ ടി.ബി ജംഗ്ഷനിലെ റോഡിലെ കുഴിയാണ് പ്രധാന അപകടകേന്ദ്രം. കൂടുതലും രാത്രിയിലാണ് ഇവിടെ അപകടങ്ങൾ ഉണ്ടാകുന്നത്. ദിവസവും ചെറുതും വലുതുമായ അപകടങ്ങൾ നിത്യ സംഭവമാണ്.

സ്ലാബിൽ കുരുങ്ങി കാൽനടയാത്രക്കാർക്ക് അപകടം പതിവ്

ദേശീയപാതയിലെ കുഴികളിൽ വീണ് ഇരുചക്ര വാഹനയാത്രക്കാർക്കും അപകടം സംഭവിക്കുന്നു

ദേശീയപാതയിൽ ആറ്റിങ്ങൽ പ്രദേശത്ത് പലയിടത്തും ടാർ ഇളകി വലിയ കുഴികൾ ഉണ്ട്. ഇത് അറിയാതെ വരുന്ന വാഹനങ്ങൾ കുഴികണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതിനാൽ പിറകിൽ നിന്നും വരുന്ന വാഹനങ്ങൾ അതിൽ ഇടിച്ച് അപകടങ്ങൾ ഉണ്ടാക്കുകയാണ്. അടിയന്തരമായി സഞ്ചാര സൗകര്യം ഒരുക്കാൻ ശ്രദ്ധിക്കണം.

പ്രസാദ്.എ, ടാക്സി ഡ്രൈവർ, ആറ്റിങ്ങൽ

ഫോട്ടോ- ദേശീയപാതയിൽ ആറ്റിങ്ങൽ ടി.ബി.ജംഗ്ഷനിലെ അപകട കെണി.

പ്രധാന കുഴികൾ

1.തോന്നയ്ക്കൽ

2.കോരാണി

3.മംഗലപുരം

4.ആറ്റിങ്ങൽ സ്റ്റാൻഡ്

5.മാമം