തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റിലും വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഴ കാരണം എറണാകുളത്ത് പോളിംഗ് തടസപ്പെട്ടത് ചൂണ്ടിക്കാട്ടിയിട്ടും തിരഞ്ഞെടുപ്പ് കമ്മിഷൻ ഗൗരവമായെടുത്തില്ല. ശക്തമായ വെള്ളക്കെട്ടും മഴയുമുണ്ടായിട്ടും ഒരു മണിക്കൂർ പോലും സമയം നീട്ടിനൽകാൻ കമ്മിഷൻ തയ്യാറായില്ല. എറണാകുളത്ത് വോട്ടർമാർക്ക് ബൂത്തുകളിലെത്താൻ പോലും സാധിച്ചില്ല. അവിടെ പന്ത്രണ്ട് ബൂത്തുകളിൽ റീ പോളിംഗ് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ട്.
എറണാകുളത്തെ ജയസാദ്ധ്യത സംബന്ധിച്ച് ഒരാശങ്കയുമില്ല. അരൂരിൽ മികച്ച സ്ഥാനാർത്ഥി യു.ഡി.എഫിന്റേതായതിനാൽ വിജയമുറപ്പാണ്. എക്സിറ്റ് പോളുകളിൽ വിശ്വസിക്കുന്നില്ല. ഇടതുമുന്നണി വർഗീയകാർഡ് ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിച്ചു.
വട്ടിയൂർക്കാവിൽ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റിന്റെ നേതൃത്വത്തിൽ യു.ഡി.എഫിന് പ്രചാരണം നടത്തിയതിനെപ്പറ്റി ചോദിച്ചപ്പോൾ, ഏത് സംഘടനയിൽപ്പെട്ടവർക്കും അവർ വിശ്വസിക്കുന്ന സ്ഥാനാർത്ഥിക്കായി വോട്ട് പിടിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.