തിരുവനന്തപുരം: റേഷൻ കടകളിൽ വിതരണം ചെയ്യുന്നതിനായി നെടുമങ്ങാട്ടെ ഭക്ഷ്യസുരക്ഷാ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന അരി കടത്തിയതായി കണ്ടെത്തി. തിങ്കളാഴ്‌ച നടന്ന പരിശോധനയിൽ ഒരു ലോഡ് പഴകിയ അരിയും കണ്ടെത്തി. ഇത് കടത്തിയ നല്ല അരിക്ക് പകരമെത്തിച്ചതാകാമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. എന്നാൽ ആദ്യ പരിശോധനയിൽ മൂന്ന് ലോഡ് അരിയുടെ കുറവ് കണ്ടെത്തിയെന്നാണ് വിവരം. ഇത് മറയ്‌ക്കുന്നതിനുള്ള ഇടപെടലിനെ തുടർന്നാണ് പഴകിയ അരിയെന്ന് റിപ്പോർട്ടിൽ എഴുതി ചേർത്തതെന്നും ആക്ഷേപമുണ്ട്.
പരിശോധന നടത്തിയ നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസർ ഒരു ലോഡ് പഴകിയ അരി കണ്ടെത്തിയെന്ന റിപ്പോർട്ടാണ് ജില്ലാ സപ്ളൈ ഓഫീസിൽ നൽകിയത്. പരസ്പരം പൊരുത്തപ്പെടില്ലെങ്കിലും ഡിപ്പോയിൽ അരികടത്ത് സ്ഥിരീകരിക്കുന്നതാണ് രണ്ട് റിപ്പോർട്ടുകളും.