img

വർക്കല: വെള്ളക്കെട്ടിൽ കുതിർന്ന വീട് തകർന്നു വീണു. വീടിന്റെ അടുക്കള ഭിത്തിയും കിടപ്പുമുറിയുടെ ഭിത്തിയുമാണ് തിങ്കളാഴ്ച സന്ധ്യയോടെ തകർന്നു വീണത്.ഭിത്തികൾ നിലംപൊത്തുമ്പോൾ വൃദ്ധരായ മാതാപിതാക്കളും കൊച്ചു കുട്ടികളും വീടിനകത്തുണ്ടായിരുന്നെങ്കിലും അപകടമുണ്ടായില്ല.

വെട്ടൂർ റാത്തിക്കൽ വയലിൽ വീട്ടിൽ അസീറായുടെ വീടാണ് തകർന്നത്.വർക്കല മേഖലയിൽ ദിവസങ്ങളായി മഴ തകർത്തു പെയ്തിരുന്നു.മഴവെള്ളം കെട്ടിനിന്നാണ് വീടിന്റെ ഭിത്തികൾ കുതിർന്ന് നിലംപൊത്തിയത്. ഭിത്തികൾ വീണതോടെ ടെറസ് ഏതുനേരവും വീടിന്റെ അവശേഷിക്കുന്ന ഭാഗത്തോടൊപ്പം നിലംപൊത്താവുന്ന സ്ഥിതിയിലാണ്. വൃക്കരോഗിയായ അസീറയും രോഗിയായ ഭർത്താവും ഈ വീട്ടിൽ ഇനിയെങ്ങനെ താമസിക്കുമെന്ന ആശങ്കയിലും ഭയപ്പാടിലുമാണ്.

അപകടമറിഞ്ഞ് വെട്ടൂർ വില്ലേജ് അധികൃതരും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അസീം ഹുസൈനും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.അപകടത്തെ തുടർന്ന് താമസിക്കാൻ ഇടമില്ലാതായ കുടുംബത്തിന്റെ അവസ്ഥ തഹസീൽദാരെ അറിയിക്കുമെന്നും വാസയോഗ്യമല്ലാതായ വീടിന് പകരം ഇവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താനാവുമോ എന്നു പരിശോധിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.