മുടപുരം: 25 വർഷം മുൻപ് മുടപുരം ജംഗ്‌ഷനിൽ ആരംഭിച്ച ഓവർസിയർ ഓഫീസ് അടച്ചുപൂട്ടി. ഇതോടെ നാട്ടുകാർ ബുദ്ധിമുട്ടിലായി. ഓവർസിയർ ഓഫീസ് പുനരാരംഭിച്ച് പ്രവർത്തനക്ഷമമാക്കിയില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടി സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
മേയ് 6 മുതൽ കറണ്ട് ചാർജ് സ്വീകരിക്കുകയില്ലെന്ന് നോട്ടീസ് പതിച്ച് ഓഫീസിന്റെ പ്രവർത്തനം നിലച്ചു.
ഇപ്പോൾ പരാതികൾ അറിയിക്കുന്നതിനും ബില്ല് അടയ്ക്കുന്നതിനും ഉദ്യോഗസ്ഥരെ കാണുന്നതിനും മൂന്നും നാലും കിലോമീറ്റർ യാത്ര ചെയ്ത് ചിറയിൻകീഴ് സെക്ഷൻ ഓഫീസിൽ പോകേണ്ട അവസ്ഥയിലാണ് നാട്ടുകാർ. രണ്ട് ലൈൻമാൻ മാത്രമാണ് ചിറയിൻകീഴ് നിന്നും മുടപുരത്ത് എത്തുന്നത്. ഇവർക്ക് താങ്ങാൻ കഴിയാത്ത അറ്റകുറ്റ പണികളാണ് ദൈനംദിനം ഇവിടെ ഉണ്ടാകുന്നത്. സ്വന്തം ബൈക്കിൽ 40 കിലോ ഭാരമുള്ള സേഫ്റ്റി കിറ്റും മുതുകത്തു തൂക്കി വേണം അറ്റകുറ്റപണികൾ നടത്താൻ. ഇതിനിടയിലാണ് മംഗലപുരം സെക്ഷനിൽ നിന്നും 500 ഉപഭോക്താക്കളെ കൂടി ഈ സെക്ഷനിലേക്ക് കൂട്ടിച്ചേർത്തത്. അതിനാൽ നേരത്തെ ഓവർസിയർ ഓഫീസിൽ ഉണ്ടായിരുന്ന ജീവനക്കാരെ പുനർനിയമിച്ച് വൈദ്യുതി ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ കെ.എസ്.ഈ.ബി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.