ചിറയിൻകീഴ്: പെരുങ്ങുഴി ധർമ്മശാസ്ത ഭദ്രാദേവീ ക്ഷേത്രത്തിൽ ശ്രീകോവിലും തിടപ്പളളിയും കുത്തിത്തുറന്ന് മോഷണം. ശ്രീകോവിലിലെ പൂട്ട് കുത്തിത്തുറന്ന് അകത്ത് കടന്നാണ് കാണിക്കവഞ്ചി അപഹരിച്ചത്. കാണിക്കവഞ്ചിയിൽ ആറുമാസത്തെ നടവരവ് ഉണ്ടായിരുന്നു. തിടപ്പളളിയിലെ പൂട്ട് തകർത്താണ് വിളക്കുകൾ കവർന്നത്. മണികൾ, കിണ്ടി, തട്ടം, എൽ.ഇ.ഡി ബൾബുകൾ എന്നിവയും മോഷ്ടിച്ചു. തിങ്കളാഴ്ച അത്താഴപ്പൂജ കഴിഞ്ഞ് നട അടച്ചിരുന്നു. ഇന്നലെ വെളുപ്പിന് മേൽശാന്തി എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഇതിനുമുൻപും പല പ്രാവശ്യം ഇവിടെ മോഷണം നടന്നിട്ടുണ്ട്. അന്നത്തെ മോഷണങ്ങളിൽ ആരെയും പിടികൂടിയിട്ടില്ല. ഇതാണ് വീണ്ടും മോഷണത്തിന് പ്രചോദനമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇപ്പോഴത്തെ മോഷണത്തിൽ നാല്പത്തിനായിരം രൂപയുടെ നഷ്ടമുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.