തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളാണ് വോട്ടെണ്ണൽ കേന്ദ്രം. ക്രമീകരണങ്ങളെല്ലാം പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഓരോ റൗണ്ട് കഴിയുമ്പോഴും സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാകും. ഇതിനു പുറമേ ഓരോ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ നിന്നുമുള്ള തത്സമയ ട്രെൻഡ് www.trend.kerala.gov.in എന്ന വെബ്സൈറ്റിലൂടെയും ലഭിക്കും. ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ വെബ്സൈറ്റിൽ നൽകും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരം അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് യന്ത്രങ്ങളിലെ രസീതുകളും എണ്ണി തിട്ടപ്പെടുത്തും. ഏതൊക്കെ ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളാകും എണ്ണുകയെന്നതു നറുക്കിട്ടാകും തീരുമാനിക്കുക. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിക്കഴിഞ്ഞ ശേഷമാകും ഔദ്യോഗിക ഫലപ്രഖ്യാപനം. വോട്ടെണ്ണൽ കേന്ദ്രത്തിനു ശക്തമായ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണൽ ജോലിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരെയും സ്ഥാനാർത്ഥികളെയും ഏജന്റുമാരെയും മാദ്ധ്യമ പ്രവർത്തകരെയും മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ മുഖ്യകവാടത്തിനകത്തേക്കു കടത്തിവിടൂ. പാസ് മുഖേനയാകും പ്രവേശനം.