abhaya

തിരുവനന്തപുരം: സിസ്റ്രർ അഭയയുടെ ആന്തരിക അവയവങ്ങളിൽ നിന്നെടുത്ത സ്രവങ്ങൾ രാസപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അതിൽ പുരുഷ ബീജത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെന്ന് കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിലെ ജൂനിയർ സയന്റിസ്റ്ര് ചിത്ര പ്രത്യേക സി.ബി.എെ കോടതിയിൽ മൊഴി നൽകി.

കോട്ടയം മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ സി. രാധാകൃഷ്ണപിള്ളയാണ് ആന്തരിക സ്രവങ്ങൾ രാസപരിശോധനയ്ക്കായി അയച്ചത്. സ്രവങ്ങളിൽ പുരുഷ ബീജത്തിന്റെ സാന്നിദ്ധ്യം ഉണ്ടോ എന്ന് പരിശോധിക്കണമെന്നു നിർദ്ദേശിച്ചിരുന്നു. ആസിഡ് ടെസ്റ്ര്, ഫ്ളോറൻസ് ടെസ്റ്ര്, ബെർ ബോറിയസ് ടെസ്റ്ര് എന്നീ പ്രരംഭ ടെസ്റ്രുകൾക്കുശേഷം കൺഫർമേഷൻ ടെസ്റ്റ് നടത്തി ഫലം ഉറപ്പുവരുത്തുന്ന രീതിയാണ് അവലംബിച്ചുവരുന്നതെന്നും കേസിലെ സാക്ഷിയായ ചിത്ര മൊഴി നൽകി. എല്ലാ ടെസ്റ്രുകളിലും ഫലം നെഗറ്രീവ് ആയിരുന്നു. ഇക്കാര്യം വകുപ്പ് മേധാവി ഡോ. ഗീതയെ അറിയിച്ചിരുന്നു. വർക്ക് ബുക്കിൽ വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് മറ്രൊരു സാക്ഷിയായിരുന്ന ചീഫ് കെമിക്കൽ എക്സാമിനർ ഡോ. ഗീതയെ വിസ്തരിച്ചു.

പൊലീസ് സർജൻ അയച്ചുകൊടുത്ത സാമ്പിളുകൾ രാസ പരിശോധനയ്ക്കായി ചിത്രയെ ഏല്പിച്ചിരുന്നതായി ഗീത മൊഴി നൽകി. പരിശോധനാഫലത്തിന്റെ സർട്ടിഫിക്കറ്രിൽ ഒപ്പിട്ടിരുന്നത് താനാണെന്നും ഗീത കോടതിയെ അറിയിച്ചു.